Saturday, July 4, 2015

തെരഞ്ഞെടുത്ത കവിതകൾ 1965- 1998"മലയാളം "(ആദ്യ ഖണ്ഡം )- സച്ചിദാനന്ദൻ

ഭൂമിയുടെ പുഴകൾക്കും കനികൾക്കുംമുമ്പേ
എന്നെ അമൃതൂട്ടിയിരുന്ന പൊക്കിൾക്കൊടി 

വേദനയുടെ ധന്യ മൂർച്ചയിൽ സ്വയം വളർന്ന് 
എന്നെ ഉലുവയുടെയും വെളുത്തുള്ളിയുടെയും 

തീക്ഷ്ണ സുഗന്ധങ്ങളിലെക്കാനയിച്ചവൾ 
വെളിച്ചത്തിന്റെ അപ്പൂപ്പൻ താടികൾ കൊണ്ട് 

ഉണ്ണിയുടലിലെ ഈറ്റു ചോര തുടച്ച് 
മാമ്പൂ മണത്തിൽ സ്നാനപ്പെടുത്തിയവൾ 

പൊന്നും വയമ്പും കൊണ്ട് എന്റെ നാവിൻ തുമ്പിൽ 
ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകർന്നവൾ 

ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളും കൊണ്ട് 
എന്നെ സ്വപ്നങ്ങളിലേക്കുറക്കി ക്കിടത്തിയവൾ 

വിരൽത്തുംബിൽപ്പിടിച്ചു മണലിന്റെ വെള്ളിക്കൊമ്പിൽ 
ഹരിശ്രീയുടെ രാജമല്ലികൾ വിടര്ത്തിയവൾ 

അച്ഛനോടും സൂര്യനോടുമൊപ്പം കിഴക്കു പുറത്തുദിച്ച് 
വ്യാകരണവും കവിതയും കാട്ടി 

എന്നെ ഭയപ്പെടുത്തി പ്രലോഭിപ്പിച്ചവൾ 
എന്റെ സ്ലെയ്ട്ടിൽ വിടർന്ന വടിവുറ്റ മഴവില്ല് 

എന്റെ പുസ്തകത്താളിൽ പെറ്റു പെരുകിയ മയിൽ‌പ്പീലി 
എന്റെ ചുണ്ടുകളിലെ മധുരച്ചവർപ്പുറ്റ ഇലഞ്ഞിപ്പഴം 

വഴിയരികിൽ ഞാൻ കേട്ടു വളർന്ന നിരന്തര ഖരഹര പ്രിയ 
സ്വരങ്ങളിലൂടെ തേനും വ്യന്ജനങ്ങളിലൂടെ ഇരുമ്പുമൊഴുക്കുന്ന 

അമ്പത്തൊന്നു കമ്പികളുള്ള വീണ 
ഞാറ്റുവേലയിൽ നിന്നു ഞാറ്റു വേലയിലേക്ക് പോകുന്ന 

കിളിപ്പാട്ടിന്റെ കുലുങ്ങുന്ന തൂക്കുപാലം 
അറിവും ആടലോടകവും മണക്കുന്ന 

പഴമൊഴികളുടെ നിറനിലാവ് 
പാമ്പിൻ മാളങ്ങൾ നിറഞ്ഞ കടങ്കഥ കളുടെ 

നൂണു പോകേണ്ട മൈലാഞ്ചി വഴികൾ 
സന്ധ്യകളിൽ അഗ്നി വിശുദ്ധയായി 

കനക പ്രഭ ചൊരിഞ്ഞ എഴുത്തച്ഛന്റെ സീതാ മാതാവ് 
പച്ചയും കിരീടവുമണിഞ്ഞ് അരമണിയും ചിലമ്പും കിലുക്കി 

ഞങ്ങൾ നേടിയ വാടാത്ത കല്യാണ സൗഗന്ധികം 
ഉത്സവ പ്പിറ്റെന്നത്തെ പുലരിമയക്കത്തിൽ 

ചേങ്കല മുഴക്കത്തോടൊപ്പം കാതുകളിൽ പൂത്തു നിന്ന 
സാമ്യമകന്നോരുദ്യാനം 

ക്ഷീര സാഗരശയനന്റെ നാഭിയിൽ മുളയെടുത്തു 
സ്വാതിയുടെ സംഗീത സരോരുഹം 

ആലിൻ ചോട്ടിലെ എണ്ണമറ്റ മേളത്തിരകളിൽ 
ആലിലയിൽ പൊന്തിക്കിടന്ന ചൈതന്യം 

സോളമന്റെ താഴ്വരയിലെ ഹംസ ശുഭ്രയായ ലില്ലി 
മോശക്കൊപ്പം പ്രവചിച്ചവൾ ,ദാവീദിനൊടോ ത്ത് 

കാളക്കൂറ്റന്മാരുടെ കൊംബിൽനിന്നു കരഞ്ഞവൾ 
പുറപ്പെട്ടവൾ ,ക്രൂശിക്കപ്പെട്ടവൾ ,ഉയിർത്തെഴുന്നേറ്റവൾ 
മലയാളം 

No comments:

Post a Comment