Friday, December 23, 2011

ഉപദേശങ്ങള്‍

ഓരോ തവണയും മുതുകത്ത് നീരുമായി അവള്‍ വരുമ്പോള്‍ അമ്മ ആശ്വസിപ്പിക്കും..നമ്മള്‍ പെണ്ണുങ്ങള്‍ ഇതൊക്കെ സഹിക്കണം മോളെ..വിധിയാണ്..തടുക്കുവാനാകില്ല..കല്ലുപ്പിട്ട ചൂടുവെള്ളം ആവി പിടിച്ചു തിരുംമുമ്പോള്‍ അമ്മ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..ഉള്ളതെല്ലാം വിറ്റു പെറുക്കി ആണ് നിന്നെ കെട്ടിച്ചയച്ചത്..ചക്ക ആണെങ്കില്‍ തുന്നി നോക്കാം..മനുഷ്യന്‍റെ മനസ്സ് തുറന്നു നോക്കാന്‍ പറ്റില്ലല്ലോ..എന്‍റെ കുഞ്ഞിനെ ഞാന്‍ പോന്നു പോലെ വളര്‍ത്തിയത് വല്ലവനും തല്ലി ചതക്കാന്‍ ആണല്ലോ ദൈവമേ...ഒടുവില്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ട് അവര്‍ എഴുന്നേറ്റു പോകും..

രണ്ടു ദിവസം കഴിഞ്ഞു ഒന്നുമറിയാത്ത പോലെ അയാള്‍ കയറി വരും..അപ്പോഴൊക്കെ അമ്മ സ്നേഹത്തോടെ അയാളോട് പറഞ്ഞു നോക്കി...എന്‍റെ മോളെ ഉപദ്രവിക്കല്ലേ മോനെ....അവള്‍ക്കു തല്ലു കൊള്ളാന്‍ ഇനി ആവതില്ല...കൈയിലിരുന്ന സിഗരറ്റ് ആഞ്ഞു ഊതി പുക വിട്ട് അയാള്‍ ഒന്നും മിണ്ടാതെ ബലിഷ്ടമായ ചുവടുകളോടെ പുറത്തേക്കിറങ്ങും..ബാഗും തൂക്കി പുറകെ ഇറങ്ങുവാന്‍ അമ്മ അപ്പോഴേക്കും അവളെ സജ്ജമാക്കിയിരിക്കും.. ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞു മൂലയ്ക്ക് കുത്തി ഇരുന്ന അവളെ ആണൊരുത്തന്‍ തുണക്ക് ഇല്ലെങ്കിലത്തെ ഭീകര അവസ്ഥ പറഞ്ഞു മനസ്സിലാക്കി അവളെ എങ്ങനെയെങ്കിലും അയാളുടെ കൂടെ പറഞ്ഞു വിടും..പോകുമ്പോഴെല്ലാം അമ്മയുടെ കൈയിലെ ചിട്ടി പിടിച്ച കാശ്,ഒരു തരി പൊന്ന് അങ്ങനെ എന്തെങ്കിലുമൊക്കെ അയാള്‍ അവളോട്‌ പറഞ്ഞു കൈക്കലാക്കി..ഇത്തവണ ഒന്നും കൊടുക്കുവാന്‍ അമ്മയുടെ പക്കല്‍ ഉണ്ടായിരുന്നില്ല..അയാള്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്‍റെ  കയര്‍ അഴിച്ചു..അവള്‍ അമ്മയെ നോക്കി...അമ്മ നെടുവീര്‍പ്പ് ഉതിര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല...അമ്മയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ആ പശു...


രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ക്കു നാട്ടില്‍ നിന്നും ഒരു അടുത്ത വീട്ടിലേക്കു വിളി വന്നു..അമ്മക്ക് കൂടുതലാണ്..എന്തുപറ്റി എന്ന് ചോദിക്കുന്നതിനു മുന്‍പേ ഉത്തരം വന്നു..അടുത്ത പാറ മടയില്‍ പണിക്കു പോയതാണ്..കാല്‍ വഴുതി വീണു..ചെറിയമ്മയുടെ വീട്ടില്‍ ആയിരുന്നു..ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ട്...

അവള്‍ ആരോടൊക്കെയോ കടം വാങ്ങി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളുടെ അവസ്ഥ അറിയാവുന്ന ബന്ധുക്കള്‍ അവളെ ആശ്വസിപ്പിച്ചു..എങ്കിലും അവളില്‍ നിന്നും ആ കുറ്റബോധം മാറിയില്ല..അന്ന് രാത്രിയും അയാള്‍ നന്നായി മദ്യപിച്ചു അവളെ ഉപദ്രവിക്കുവാന്‍ എത്തി..അവള്‍ക്കു എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു..ഉപദേശിക്കുവാന്‍ ഇനി അമ്മയില്ല...അവള്‍ സംഹാര രുദ്ര ആയി..എനിക്കിനി ഇങ്ങനെ ഒരു ആണിന്‍റെ തുണ വേണ്ട...ഇത് തുണയല്ല... നാശമാണ്..ഇനിയൊന്നും നശിക്കുവാനില്ല...എനിക്കിനി ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജയില്‍ ..അവള്‍ പുലമ്പി കൊണ്ടിരുന്നു....അയാള്‍ ഓടി അപ്രത്യക്ഷനാകും വരെ....

Friday, December 16, 2011

അബദ്ധം

അന്ന് നല്ല മഴ ഉണ്ടായിരുന്നു...കുട പിടിച്ചിരുന്നെങ്കിലും ദേഹം മുഴുവന്‍ നനഞ്ഞു..ഇനി ഈ വേഷത്തില്‍ എങ്ങനെയാണു കല്യാണ വീട്ടില്‍ ചെന്ന് കയറുക??മുഖത്തു തേച്ചു പിടിപ്പിച്ച ചായക്കൂട്ടുകള്‍ ഇളകി ഒഴുകി ....ബോഡി ഫിറ്റില്‍ തയ്പ്പിചെടുത്ത പുതിയ ചുരിദാര്‍ ഇറുകെ ഒട്ടിച്ചേര്‍ന്നു ...ലെഗ്ഗിന്‍സ് ലെഗില്‍ തുണി ഒന്നും ഇല്ലെന്ന രീതിയിലും....സാരമില്ല ഹിന്ദി സിനിമയില്‍ നായിക എത്ര സെക്സി ആയി അഭിനയിക്കുന്നു....എന്തിനു മലയാളത്തില്‍ പോലും നായികമാര്‍ ഇല്ലേ??ഇങ്ങനെ ചിന്തിച്ചു പോകുന്ന വഴി ഒന്ന് രണ്ടു സ്ത്രീകള്‍ അവളെ അവജ്ഞയോടെ തുറിച്ചു നോക്കി..ഹും..കിഴവികള്‍ക്ക് അസൂയയാണ്..അവള്‍ മനസ്സില്‍ പറഞ്ഞു...എതിരെ വന്ന ഒരു പൂവാലന്‍ നീട്ടി ശൂളമടിച്ചു....അയാള്‍ തന്നില്‍ ആകൃഷ്ടനായെന്നു അഭിമാനത്തോടെ അവള്‍ ഓര്‍ത്തു.. വീണ്ടും എതിരെ വന്ന രണ്ടു ചെറുപ്പക്കാര്‍ അവളെ ഇമ വെട്ടാതെ നോക്കി...അവള്‍ വീണ്ടും അഭിമാനത്താല്‍ തല ഉയര്‍ത്തി നടന്നു..അവര്‍ പരസ്പരം പറഞ്ഞതെന്താണെന്ന് അവള്‍ കേട്ടില്ല...ഇതൊക്കെ കയറും പൊട്ടിച്ചു എവിടുന്നു വരുന്നെടെ??ഒരുത്തന്‍ മറ്റവനോടു ചോദിച്ചു..പോക്ക് കേസാടെ.. വിട്ടുകള...ചോദിക്കാനും പറയാനും വീട്ടില്‍ ആരും കാണത്തില്ല..അല്ലെങ്കില്‍ തന്തേം തള്ളേം ഇതിലപ്പുരമായിരിക്കും..അവര്‍ ഉറക്കെ ചിരിച്ചു...

പണ്ട് പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്...ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍..വര്ഷം എത്ര കഴിഞ്ഞു..പിന്നീടു വെവ്വേറെ കോളേജില്‍ ആയിരുന്നു..ഇപ്പോള്‍ കല്യാണക്കുറി കിട്ടിയപ്പോഴാണ് അവളെ ഓര്‍ക്കുന്നത് പോലും..അത്ഭുതമായിരുന്നു...ഇപ്പോഴും അവള്‍ തന്നെ ഓര്‍ക്കുന്നെന്നോ??അതുകൊണ്ടാണ് പോകാം എന്ന് വെച്ചത്...കല്യാണം അകലെ ഏതോ അമ്പലത്തില്‍ വെച്ചാണ്..പാര്‍ട്ടിക്കാണ് ക്ഷണം..മഴ അല്‍പ്പം ശമിച്ചിരിക്കുന്നു..വീട്ടില്‍ വെച്ചാണ് പാര്‍ട്ടി..അവള്‍ വഴിയില്‍ കണ്ട ഒന്ന് രണ്ടു പേരോട് വീട് ചോദിച്ചു ....കല്യാണ വീടെന്നു ചോദിച്ചപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി..അവര്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ നടന്നു...തനി നാട്ടിന്‍പുറം..കുന്നുകളും,കുണ്ടുകളും നിറഞ്ഞ സ്ഥലം...മഴ പെയ്തു വഴി എല്ലാം ചളിപിളി ആയിക്കിടക്കുന്നു....വില കൂടിയ ചെരുപ്പ് ഊരി കൈയില്‍ പിടിച്ചാണ് അവള്‍ നടന്നത്...കല്യാണ വീട്ടില്‍ നിന്നും വരുന്ന ആളുകള്‍ അവളെ വിചിത്ര ജീവിയെ എന്ന പോലെ നോക്കി...ചിലര്‍ അടക്കി ചിരിച്ചു..മൊത്തത്തില്‍ നിഴലടിക്കുന്ന ഫാഷന്‍ ഉടുപ്പിട്ട് ഒരു പരിഷ്ക്കാരി പെണ്ണ്...ഇരുകിപ്പിടിച്ച ഉടുപ്പ് കണ്ടു പല സ്ത്രീകളും ചൂളിപ്പോയി.. അവള്‍ അപ്പോഴും അഭിമാന പുളകിതയായി..

പട്ടണത്തില്‍ നിന്നും വന്ന പരിഷ്ക്കാരി പെണ്ണിനെ വീട്ടുകാര്‍ സ്വീകരിച്ചു..അകത്തെ ജനാലയില്‍ കൂടിയും,പുറത്തെ അലങ്കരിച്ച പന്തലിനുള്ളില്‍ നിന്നുമെല്ലാം കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു... മഴ അലങ്കോലപ്പെടുത്തിയതിനാല്‍ പാര്‍ട്ടി നേരത്തെ കഴിഞ്ഞു വധൂവരന്മാര്‍ അകത്തു മുറിയില്‍ റസ്റ്റ്‌ എടുക്കുകയായിരുന്നു..ആരോ അവള്‍ക്കു കഴിക്കുവാന്‍ മസാല ദോശയും,വടയും,പായസവും എല്ലാം നല്‍കി..നല്ല വിശപ്പുണ്ടായിരുന്നു..എല്ലാ വിഭവങ്ങളും കഴിച്ചു..ഇടയ്ക്കു അവള്‍ പെണ്‍കുട്ടിയെ കണ്ടില്ലല്ലോ എന്ന് അന്വേഷിക്കുകയും ചെയ്തു...വധു വേഷം മാറി ഇപ്പോള്‍ വരും എന്ന് ആരോ പറഞ്ഞു...ഒടുവില്‍ കൈ കഴുകി ഉമ്മരത്തെത്തിയപ്പോള്‍ അവള്‍ വീണ്ടും സംശയത്തോടെ ചോദിച്ചു..അപ്പോള്‍  ചെറുക്കന്റെ വീട്ടിലെക്കല്ലേ കല്യാണം കഴിഞ്ഞു പോകേണ്ടത്..ചോദ്യത്തില്‍ എന്തോ പന്തികേട്‌ തോന്നിയ സ്ത്രീ അവളെ തുറിച്ചു നോക്കി..ഇതല്ലേ ചെറുക്കന്റെ വീട്..അവര്‍ മറുപടി പറഞ്ഞു..അപ്പോള്‍ സൌമ്യയുടെ വീടല്ലേ ഇത്??സൌമ്യയോ??അവര്‍ നെറ്റി ചുളിച്ചു..പെണ്‍കുട്ടിയുടെ പേര് ജിഷ എന്നാണ്..ഇത് കേട്ടുനിന്ന മറ്റൊരു സ്ത്രീ പെട്ടെന്ന് പറഞ്ഞു..അയ്യോ അത് ഈ വീടല്ല..സൌമ്യയുടെ വീട് കുറച്ചുകൂടി മുന്നോട്ടു പോണം...അതിന്റെ കല്യാണം കഴിഞ്ഞിട്ട് നാല് ദിവസമായല്ലോ..ഇന്ന് കൂട്ടിക്കൊണ്ടു വരുന്ന ദിവസമാണ് അവര്‍ പാര്‍ട്ടി വെച്ചത്..തനിക്കു പറ്റിയ അബദ്ധം അപ്പോഴാണ്‌ അവള്‍ക്കു മനസ്സിലായത്‌..കല്യാണ വീട് ഏതെന്നാണ് എല്ലാവരോടും താന്‍ തിരക്കിയത്..ഒരു വിധത്തില്‍ അവള്‍ അവിടെ നിന്നും ഇറങ്ങി...പിന്നില്‍ നിന്നും അടക്കി പിടിച്ച ചിരികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു...ആരോ ഉറക്കെ പറഞ്ഞു..വീട് തെറ്റി വന്നതാ...എന്നാലെന്താ നല്ലൊരു പാര്‍ട്ടി കൂടിയല്ലോ..

Saturday, February 19, 2011

തെരുവിലെ ഒരു അമ്മ







ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അരികിലൂടെ അവന്‍റെ കൈയും പിടിച്ചു നടക്കുമ്പോള്‍ ഒരു സ്വപ്നതിലെന്നപോലെയയിരുന്നു ഞങ്ങള്‍ രണ്ടുപേരും.
പുറമേ നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല
നിരത്തിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളൊന്നും ഞങ്ങളെ അലോസരപ്പെടുത്തിയില്ല
എതിരെ വരുന്നവരും ഞങ്ങളെ ശ്രദ്ധിച്ചില്ല എല്ലാവരും തിരക്കിലാണ്.
ആര്‍ക്കും ആരെയും ശ്രദ്ധിക്കുവാന്‍ നേരമില്ല
എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലാണ്...
ഞാന്‍ ഈ നഗരത്തിലെതിയിട്ടു ദിവസങ്ങളെ
ആയിട്ടുള്ളൂ
സീമന്ത രേഖയില്‍ സിന്ദൂരം വീണു തുടങ്ങിയ ദിവസങ്ങള്‍
കണ്ണില്‍ കാണുന്നതെന്തിനും വല്ലാത്ത മനോഹാരിത..
നിറങ്ങള്‍ക്ക് കൂടുതല്‍ അഴക്‌ .
.പുലരിക്കു ഇതുവരെ ഇല്ലാത്ത ഭംഗിയും,തെളിമയും..
വീശുന്ന
കാറ്റിനുമുണ്ടോ സുഗന്ധം??


മനസ്സിലും മേനിയിലും സന്തോഷം പൂത്തുലഞ്ഞ ദിവസങ്ങള്‍..
.താമസിക്കുവാന്‍ ഒരു നല്ല വീട് കിട്ടാത്തത് ഇതിനിടയിലും ഒരു കല്ലുകടിയായി.
.ഒടുവില്‍ ഇടുങ്ങിയ ഒരു തെരുവിന്‍റെ ഓരത്ത് ഒരു ചെറിയ വീട് തരപ്പെട്ടു.
.സന്ധ്യായപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങുവാന്‍ പുതിയ ഗൃഹനാഥന്‍ പുറത്തുപോയി..
ചെറുതെങ്കിലും ഒരു വീട് കിട്ടിയതിന്‍റെ സന്തോഷം മനസ്സിലുണ്ടായിരുന്നു.
.പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ സൈക്ലുകള്‍ മണിയുതിര്‍ത്തു കടന്നുപോയി..
കഴുത
ചാണകം മണക്കുന്ന നിരത്തിലൂടെ എനിക്കറിയാത്ത ഭാഷയില്‍ നിരവധി ആളുകള്‍ ഒച്ചവെച്ചു നീങ്ങി.
.ഒറ്റയ്ക്ക് കാഴ്ചകള്‍ കണ്ടു നില്‍ക്കുവാന്‍ ഭയമൊന്നും തോന്നിയില്ല..
.ക്രമേണ തിരക്ക് കുറഞ്ഞു വന്നു...
എതിര്‍ വശത്ത് രണ്ടു പേര്‍ കൈക്കുഞ്ഞുങ്ങളുമായി മരച്ചുവട്ടില്‍ വന്നിരുന്നു..
കാഴ്ചയില്‍ ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രണ്ടുപേര്‍.
.സ്ത്രീ ഇടയ്ക്കിടെ കരയുന്ന കുഞ്ഞിനു സാരിത്തലപ്പു വലിച്ചിട്ടു മുലകൊടുത്തു.
.മുതിര്‍ന്ന പെണ്‍കുഞ്ഞു കരയുന്നുണ്ടായിരുന്നു.
.അഞ്ചോ ആറോ വയസ്സ് പ്രായം തോന്നിക്കുന്ന അവള്‍ എന്നെ നോക്കി ദയനീയമായ ആ നോട്ടത്തില്‍ ഞാന്‍ വല്ലാതെയായി.
.ഇടക്കെപ്പോഴോ കൂടെ ഉണ്ടായിരുന്ന പുരുഷന്‍ എഴുന്നേറ്റു പോയി..
അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ പെണ്‍കുട്ടിയെ ദേഷ്യത്തോടെ തള്ളിമാറ്റി കൈയിലിരുന്ന സിഗരറ്റ് ആഞ്ഞാഞ്ഞു വലിച്ചു പുകയുതിര്‍ത്തു അയാള്‍ നടന്നകന്നു.
.അയാള്‍ കണ്ണില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ സ്ത്രീ തന്‍റെ സാരിയുടെ തലപ്പഴിച്ചു ഒരു പൊതിയെടുത്തു..
.വേഗം പെണ്‍കുഞ്ഞിനു നേരെ നീട്ടി ..
അവള്‍ അത് തുറന്നു എന്തോ വാരി വലിച്ചു കഴിച്ചു..
അവള്‍
അത് കഴിച്ചു തീരുന്നതിനു മുന്‍പേ ദൂരെ നിന്നെ അയാള്‍ വരുന്നത് കണ്ടു..
പെട്ടെന്ന്
ആ സ്ത്രീ കുട്ടിയുടെ കൈയില്‍ നിന്നും ഭക്ഷണ പൊതി തട്ടി എടുത്തു ചുരുട്ടിക്കൂട്ടി ദൂരേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞു...
പെണ്‍കുട്ടി
ആര്‍ത്തിയോടെ കൈവിരലുകള്‍ നുണയുന്നത് കണ്ടു അവര്‍ സാരിത്തലപ്പുകൊണ്ട് അവളുടെ കൈകള്‍ തുടച്ചു..
അയാള്‍
അടുതെത്തി..കൂടെ മറ്റൊരു പുരുഷനുമുണ്ടായിരുന്നു...അവര്‍ എന്തൊക്കെയോ ഉച്ചതിലുച്ചതില്‍ സംസാരിച്ചു...
ഇടയ്ക്കിടെ
സ്ത്രീയുടെ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യന്‍ നിഷേധാര്‍ത്ഥത്തില്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു ..
എല്ലാം
കണ്ടു നിസ്സങ്ങതയോടെ ഇരുന്ന സ്ത്രീ കൈയിലിരുന്ന കുഞ്ഞിനെ ഉറക്കി ഒരു തുണി വിരിച്ചു നിലത്തു കിടത്തി...
കൂടെ വന്നയാള്‍ ഇടയ്ക്കിടയ്ക്ക് കുഞ്ഞു പെണ്‍കുട്ടിയെ പിടിച്ചു വലിച്ചു..
അപ്പോഴൊക്കെ
ആ സ്ത്രീ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ട് അയാളുടെ കൈകള്‍ കുഞ്ഞില്‍ നിന്നും വിടുവിച്ചു..
ഒന്ന്
രണ്ടു തവണ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യനെ അവര്‍ തല്ലുവാന്‍ ചെന്നു..
അപ്പോള്‍ അയാള്‍ അവരുടെ മുഖത്ത് ആഞ്ഞടിച്ചു...
അവര്‍
വേച്ചുപോയി..

ഒടുവില്‍ കൂടെ വന്നയാളുടെ കൂടെ സ്ത്രീ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു..
അപ്പോഴാണ്‌
അവിടെ നടന്നത് എന്താണെന്ന് എനിക്ക് ഏകദേശം ധാരണ ഉണ്ടായത്..
അവര്‍
ഇരുട്ടില്‍ മറഞ്ഞപ്പോള്‍ ഭര്‍ത്താവെന്നു തോന്നിച്ചയാല്‍ എളിയില്‍ നിന്നും ഒരു കുപ്പി എടുത്തു ...
പെട്ടെന്നാണ്
അയാള്‍ എന്നെ കണ്ടത്...
ഇതെല്ലാം ഞാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു എന്നയാള്‍ക്ക് ബോധ്യമായി..
എന്തൊക്കെയോ
ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ എനിക്ക് നേരെ കൈ വീശി...
വീണ്ടും വരുവാന്‍ ആണ്ഗ്യം കാണിച്ചപ്പോള്‍ ഞാന്‍ വേഗം പേടിച്ചു അകത്തുകയറി വാതിലടച്ചു...
തുറന്നിട്ട
ജാലകത്തിലൂടെ കര്‍ട്ടന്‍ അല്പം മാറ്റി ഞാന്‍ രംഗം വീണ്ടും വീക്ഷിച്ചു...
അയാള്‍ അവിടെ ഇരുന്നു മദ്യപിക്കുകയാണ്...
ഇടക്കെപ്പോഴോ ഉറങ്ങിക്കിടന്ന കുഞ്ഞെഴുന്നേറ്റു കരഞ്ഞു..
അപ്പോള്‍
അയാള്‍ അതിനെ തല്ലി...
കുഞ്ഞ് ഒന്നുകൂടെ ഉച്ചത്തില്‍ കരഞ്ഞു...
കൂടെ
ഉണ്ടായിരുന്ന പെണ്‍കുട്ടി ഓടിവന്നു അതിനെ വാരി എടുത്തുകൊണ്ടു ഇരുളില്‍ മറഞ്ഞു..
അയാള്‍ ദേഷ്യത്തോടെ മദ്യക്കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു..
.ഇതിനിടയില്‍ സ്ത്രീയും പുരുഷനും തിരിച്ചെത്തി...
അപ്പോള്‍ ദൂരെനിന്നും പെണ്‍കുട്ടിയും,കുഞ്ഞും അവരുടെ സമീപത്തേക്ക് വന്നു..
അമ്മ
കുഞ്ഞിനെ വാങ്ങി മാറോടു ചേര്‍ത്തു...
പോകുന്നതിനു
മുന്‍പ് കൂടെ വന്ന പുരുഷന്‍ സ്ത്രീയുടെ മടിയിലേക്ക്‌ എന്തോ വലിച്ചെറിഞ്ഞു കൊടുത്തു..
ഭര്‍ത്താവ്
അതുകണ്ട് ഓടി വന്നു..
സ്ത്രീയുടെ
കൈയില്‍ നിന്നും ബലപ്രയോഗത്തിലൂടെ അയാള്‍ ആ നോട്ടുകള്‍ വാങ്ങി നടന്നകന്നു...
ഇരു
കൈകളും തലയില്‍ താങ്ങി ആ സ്ത്രീ കുറച്ചു നേരം ഇരുന്നു..
പിന്നീട് അയാള്‍ പോയ വഴിയിലേക്ക് നോക്കി ഉറക്കെ ഉറക്കെ എന്തൊക്കെയോ പറഞ്ഞു...
ഒടുവില്‍ എഴുന്നേറ്റു കുട്ടികളെയും കൊണ്ട് ഇരുട്ടിലേക്ക് അവരും മറഞ്ഞു....
കുറെ നേരം ആ ജാലകതിന്നരികില്‍ ഞാന്‍ നിശ്ചലയായി ഇരുന്നു...
ഇങ്ങനേയും കുറെ ജീവിതങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുന്ടെന്ന സത്യം പൊള്ളിക്കുന്ന ഒരോര്‍മ്മയായി...ഇന്നും...


















































Thursday, February 3, 2011

റാന്തല്‍ വിളക്ക്




ചുറ്റും കൂരാക്കൂരിരുട്ട്
ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം
കാറ്റില്‍ ഇളകുന്ന ഇലകളുടെ മര്‍മ്മരം
അകലെയല്ലാതെ ഒഴുകുന്ന പുഴയുടെ പൊട്ടിച്ചിരി..
മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ ആ അമ്മ
ചാണകം മെഴുകിയ ഉമ്മറപ്പടിയില്‍
ഉറക്കമിളച്ചു കാത്തിരുന്നു...
അതിരാവിലെ പുഴ കടന്നു പണിക്കുപോയ
ഭര്‍ത്താവിനെയും മക്കളെയും കാത്തു..
ഇടക്കെപ്പോഴോ ആകാശത്ത് ഒരു ഇടിമിന്നല്‍
അപ്പോള്‍ അവരുടെ നെഞ്ചിലും ഒരു കൊള്ളിയാന്‍ മിന്നി..
മലയില്‍ മഴപെയ്യുന്നുണ്ടാവുമോ?
പുഴയില്‍ ഒഴുക്ക് ശക്തമായോ?
കടത്തുകാരന്‍ വീട്ടില്‍ പോയിരിക്കുമോ?
വഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിക്കാണുമോ?

ഒറ്റയാന്‍ കലിഇളകി നില്‍പ്പുണ്ടാവുമോ?
മലദൈവങ്ങളെ വിളിച്ചവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു ..
കാറ്റില്‍ പലതവണ,
കുപ്പിയില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച
വിളക്ക് അണഞ്ഞുപോയി..
അപ്പോഴൊക്കെ തീപ്പെട്ടി ഉരച്ചു ഉരച്ചു അവര്‍ക്ക് ദേഷ്യം വന്നു
ദൈവമേ..എന്നാണൊരു ചിമ്മിനി വിളക്ക് വാങ്ങാന്‍ കഴിയുക?
ആ ആധിയിലും അവര്‍ അതെക്കുറിച്ച് ആലോചിച്ചു..
പുഴ കടന്നു പണിക്കു പോയാല്‍
എന്നും പണിയുണ്ടാവില്ല
ചായ കുടിച്ചും ബീഡി വലിച്ചും ഉള്ള പൈസയും
ചിലപ്പോള്‍ കളഞ്ഞിട്ടാവും അവര്‍ വരിക..
അരി വാങ്ങാന്‍ പോലും മറന്നിട്ടുണ്ടാകും..
പക്ഷെ അന്തിയായാല്‍ കള്ള് മോന്താന്‍
അപ്പനും മക്കളും മറക്കില്ല..
കാട്ടു കിഴങ്ങും കായ്കളും ഉപ്പിട്ട് വേവിച്ചു
കാന്താരിയും പൊട്ടിച്ചു വിശപ്പടക്കുകയാണ് മിക്ക ദിവസവും..
കൂവയും,മഞ്ഞളും മറ്റും എത്ര കഷ്ട്ടപ്പെട്ടു കാട്ടില്‍ പോയി
ശേഖരിച്ചു കൊണ്ടുവന്നതാണ് .
കഷ്ട്ടപ്പെട്ടത്‌ മാത്രം മിച്ചം
അവര്‍ അത് നാട്ടില്‍ കൊണ്ടുപോയി വിറ്റു
കിട്ടുന്ന കാശ് ധൂര്തടിച്ചിട്ടു പോരും..
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍ അകലെ
ഒരു വെളിച്ചം..
അപ്പനും മക്കളും ചൂട്ടും കത്തിച്ചുള്ള വരവാണ്..
ആ അമ്മ ആശ്വാസത്തോടെ നിശ്വസിച്ചു..
അല്ലല്ലോ..
ഇതൊരു വല്ലാത്ത വെളിച്ചമാണല്ലോ..
ചൂട്ടിനറെ വെട്ടമല്ല..
അടുത്ത് വരുന്തോറും പ്രകാശം കൂടിക്കൂടി വന്നു..
ദൂരെ നിന്നെ അപ്പനും മക്കളും ഉച്ചത്തില്‍
സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു..
കുടി കഴിഞ്ഞാല്‍ അങ്ങനെയാണ്..
ഉച്ചത്തിലെ സംസാരിക്കൂ..
ചിലപ്പോള്‍ പാട്ടായിരിക്കും..
അല്ലെങ്കില്‍ ആരെയെങ്കിലും ചീത്ത വിളിചിട്ടാവും വരിക ..
അമ്മ മുറ്റത്തേക്കിറങ്ങി..
ഇപ്പോള്‍ അവരെ വ്യക്തമായി കാണാം..
ഹായ്യി..കല്യാണത്തിനും,അടിയന്തിരങ്ങള്‍ക്കും
കത്തിച്ചു വെക്കുന്ന പോലത്തെ വിളക്ക്..
കണവന്‍ ദൂരെ നിന്നെ ആ വിളക്ക് ഉയര്‍ത്തിക്കാട്ടി
അവരുടെ മുഖത്തും ഒരു തിരി തെളിഞ്ഞു..
എത്ര നാളത്തെ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്..
ഒരു ചിമ്മിനി വിളക്ക്..റാന്തല്‍ വിളക്ക്...

Friday, January 21, 2011

വിധവ






വരണ്ട തരിശു നിലം ഒരു മഴതുള്ളിക്കായ് കാത്തിരിക്കും പോലെ അവള്‍ ഓരോ കണ്ണുകളിലും പരതി,സ്നേഹത്തിന്‍റെ ഒരു കണിക..
ഇല്ല..
സഹതാപത്തിന്റെ കൂര്‍ത്ത കുന്തമുന നീണ്ടു വന്നു കുത്തിനോവിക്കുന്നത് ഓരോ നോട്ടങ്ങളില്‍ നിന്നും അവളറിഞ്ഞു..
ഒരിക്കല്‍ തന്‍റെ എല്ലാമായിരുന്ന ആള്‍ ..
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി തനിച്ചു യാത്രയായപ്പോള്‍ ആദ്യം അത് ഉള്‍ക്കൊള്ളുവാന്‍ ആയില്ല..
വിശ്വാസം വരാതെ മരവിച്ചു നിന്നുപോയി..
പിന്നെ അടഞ്ഞ കണ്ണുകളിലേക്കു നോക്കി..
ഉറക്കം നടിച്ചു കിടക്കുകയാണോ?
അടുത്തെത്തുമ്പോള്‍ കൈയില്‍ പിടിച്ചു മാറിലേക്ക്‌ വലിച്ചടുപ്പിച്ചു ഉറക്കെ ചിരിക്കാന്‍.
.മുഖം മരവിച്ച ആ മുഖത്തെക്കടുപ്പിച്ചു..
ഇല്ല..
ചൂട് നിശ്വാസം കവിളത്ത് പതിക്കുന്നില്ല..
കൈയില്‍ സ്നേഹത്തിന്‍റെ ചൂട് തട്ടിച്ചു ആ കൈ മുറുകെ പിടിക്കുന്നില്ല..
പകരം ആ കൈകളില്‍ നിന്നും തണുപ്പ് തന്‍റെ കൈകളിലേക്ക് അരിച്ചിരങ്ങിയപ്പോള്‍ ഒരു ഞെട്ടലോടെ കൈകള്‍ പിന്‍വലിച്ചു..
പിന്നീട് എന്താണ് തന്നില്‍ നിന്നും ഉയര്‍ന്ന ഭാവങ്ങള്‍ എന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..
പിന്നില്‍ നിന്നും ഒരു ചൂളംവിളി ഉയര്‍ന്നപ്പോള്‍ ഓര്‍മകളില്‍ നിന്നുമുണര്‍ന്നു..
ഇത് പലതവണയായി പലരില്‍ നിന്നും അനുഭവപ്പെട്ടതാണ്..
അര്‍ത്ഥം വെച്ചുള്ള ഈ ചൂളംവിളി..
തിരിഞ്ഞു നോക്കിയില്ല..
ഇനിയും ഏറെ നടക്കണം മോന്‍റെ സ്കൂളില്‍ എത്താന്‍..
ഉച്ച സമയമായതു കൊണ്ട് ഓട്ടോ ഒന്നും കണ്ടില്ല..
അല്ലെങ്കില്‍ തന്നെ ഈ കുഗ്രാമത്തില്‍ ഒന്നോ രണ്ടോ ഓട്ടോ ഉണ്ട്..
അതിനായി ഏറെ നേരം നോക്കി നില്‍ക്കുന്നതിലും ഭേദം നടക്കുന്നതാണ്..
ഇപ്പോള്‍ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിനായുണ്ട്..
അപ്പോള്‍ ഏട്ടന്‍ കൂടെ ഉണ്ടെന്നു തോന്നും..
ആ കൈകളില്‍ കൈകള്‍ കോര്‍ത്ത്‌ ഈ വഴികളിലൂടെയെല്ലാം നടന്നത് ഇന്നലെയെന്നതുപോലെ മുന്നില്‍ തെളിയുന്നു..
അന്ന് ചേട്ടാ എന്ന് വിളിച്ചു ഏട്ടനോട് ബഹുമാനത്തോടെ പെരുമാറിയ പലരും ഇന്ന് തന്നെ അര്‍ത്ഥം വെച്ച് നോക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ തകര്‍ന്നുപോയി..
കുടുംബത്തിലെ തന്നെ കാരണവര്‍ സ്ഥാനത്തുള്ള തന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാള്‍ വളരെ മോശമായി സംസാരിച്ചപ്പോള്‍ പൊട്ടി കരയണമെന്നു തോന്നി..
പലതവണ അയാളില്‍ നിന്നും ശല്യം ഉണ്ടായപ്പോഴാണ് സഹോദരന്‍റെ ഭാര്യയോടു പറഞ്ഞത്..
പക്ഷെ അത് വലിയ ബഹളമായി..
ഒരിക്കലും മനസ്സില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ അവര്‍ ആ വൃദ്ധനുമായി ചേര്‍ത്ത് തന്‍റെ പേരില്‍ കഥകള്‍ ഉണ്ടാക്കി സഹോദരന്‍റെ ചെവിയില്‍ മന്ത്രിച്ചു..
അങ്ങിനെ കുടുംബത്തില്‍ എല്ലാവരുടെയും കണ്ണിലെ കരടായി...
കൂടപ്പിറപ്പുകള്‍ കണ്ടാല്‍ മിണ്ടാതെയായി..
പലരും അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു..
ഹൃദയം പിളര്‍ന്നു പോകുന്ന വേദന ...
സഹിക്കുകയല്ലാതെ നിവൃത്തിയില്ല..
ഏട്ടന്‍റെ തത്സ്വരൂപമായ കണ്ണന്‍ ..
അവനില്ലായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു ദുര്‍ബല നിമിഷത്തില്‍ ആത്മഹത്യ ചെയ്യുമായിരുന്നു..
അത്രയും ക്രൂരമായ മാനസിക പീഡനങ്ങള്‍ ആണ് നേരിടുന്നത്..
ഇന്നിപ്പോള്‍ മനസ്സിനൊരു ധൈര്യം വന്നിട്ടുണ്ട്..
പലപ്പോഴും ഒരു തണല്‍ വേണമെന്ന് തോന്നുംപോഴൊക്കെ ഏട്ടന്‍റെ ഫോട്ടോക്ക് മുന്നില്‍ പോയി നില്‍ക്കും..
ആ ചിരിക്കുന്ന മുഖം തന്നിലേക്ക് പകരുന്നത് വല്ലാത്തൊരു ആശ്വാസമാണ്..
ഈ ഭൂമിയില്‍ തനിക്കായി ലഭിക്കുന്ന ഏക സ്വാന്തനം അവിടുന്ന് മാത്രമാണ്..
എന്താണ് ഏറ്റവും വലിയ ദുഃഖം??
ദാരിദ്ര്യ ദുഃഖം എന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്..
അതെ..
സ്നേഹത്തിന്‍റെ കാര്യത്തിലും ദാരിദ്ര്യം അനുഭവപ്പെട്ടാല്‍ അതിലും വലിയ ദുഖമില്ല. ..
കണ്ണന്‍.
.അവനാണ് പ്രതീക്ഷ..
പക്ഷെ ..
തളര്ന്നുവീഴുംപോള്‍ താങ്ങായി നിഴല്‍ മാത്രം..

Monday, January 17, 2011

തെണ്ടി ചെക്കന്‍..




അന്ന് അവന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരിമിച്ചുദിച്ചതുപോലെ സന്തോഷത്തിന്‍ പൂത്തിരി കത്തി..
ഏറെ നാളുകള്‍ക്കു ശേഷം ഒന്ന് പുറത്തുപോകാന്‍ അനുവാദം കിട്ടിയിരിക്കുന്നു..
അതും കാര്‍ത്തിക വിളക്കിനു അമ്പലത്തില്‍ പോകാന്‍..Blockquote
അവന്‍
ഓടി ചായ്പ്പില്‍ ചെന്ന് കിടന്നിരുന്ന പായ മടക്കി വെച്ചതിന്‍റെ ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ട്രൌസര്‍ എടുത്തു..
അയയില്‍ ഇട്ടിരുന്ന പിന്നിയ തുവര്‍തുമെടുത്തു കുളത്തിലെക്കോടി..
കുളത്തിന്‍റെ കരയില്‍ നിന്ന പേരയുടെ കൊമ്പില്‍ ഓടിക്കയറി....
അവിടുന്ന് ഒറ്റ ചാട്ടം..
തല തുവര്‍ത്തി എന്ന് വരുത്തി..
കരയില്‍ വെച്ചിരുന്ന ട്രൌസര്‍ എടുത്തിട്ടു..
നേരെ പശു തൊഴുത്ത് ലകഷ്യമാക്കി ഓടി..
പുല്ലു മേഞ്ഞ തൊഴുത്തിന്റെ മുകളില്‍ ഇട്ടിരുന്ന സൈക്കിള്‍ ടയര്‍ ഒരു കംബെടുത്തു തോണ്ടി എടുത്തു..
തോണ്ടാന്‍ എടുത്ത കമ്പ് ഒടിച്ചു ഒരു കഷ്ണം കൈയില്‍ എടുത്തു..
ടയര്‍ ഉരുട്ടി അവന്‍ അമ്പലം ലകഷ്യമാക്കി നടന്നു...
ഉച്ച സമയമായതിനാല്‍ തിരക്കില്ല..
ഹായ്..
അമ്പലപ്പറമ്പ് നിറയെ പെട്ടിക്കടക്കാര്‍...
പല നിറങ്ങളിലുള്ള കുപ്പി വളകള്‍..കളിപ്പാട്ടങ്ങള്‍..പന്തുകള്‍..മാലകള്‍....
അവന്‍ എല്ലാം നടന്നു കണ്ടു..
കൂട്ടത്തില്‍ വട്ടുരുട്ടുമ്പോള്‍ പീ പീ എന്ന് ശബ്ദമുണ്ടാക്കാനും മറന്നില്ല...
അപ്പോള്‍ ഒരു ഐസ് കാരന്‍ സൈക്ലില്‍ മണിയടിച്ചു അതിലെ വന്നു..
കുട്ടികള്‍ അയാള്‍ക്ക് ചുറ്റും ഓടിക്കൂടി ..
ഓരോരുത്തരായി മഞ്ഞ,ചുവപ്പ്,വെള്ള നിറങ്ങളിലുള്ള കോലില്‍ കുത്തിനിര്‍ത്തിയ തണുത്ത ഐസ് നുണഞ്ഞു അവനെ കടന്നു പോയി...
അവനും ഒരു ഐസ് മിട്ടായി വാങ്ങണം എന്ന് തോന്നി..
ഒന്നുമില്ലെന്ന് അറിയാമെങ്കിലും വെറുതെ ട്രൌസേറിന്റെ പോക്കറ്റില്‍ കൈകള്‍ പരതി...
തുന്നല്‍ വിട്ട പോക്കെടിന്റെവശങ്ങളിലൂടെ കൈകള്‍ പുറത്തു വന്നു..
പെട്ടെന്നാണ് അവനു സംശയം തോന്നിയത്..
വേറെ എവിടെയെങ്കിലും കീറിയിട്ടുണ്ടാകുമോ?
അപ്പുറത്തെ ആളില്ലാത്ത ഒരു മരച്ചുവട്ടില്‍ മാറിനിന്നു അവന്‍ ട്രൌസര്‍ പരിശോധിച്ചു..
ഹോ.. സമാധാനം..വേറെ എങ്ങും കീറിയിട്ടില്ല..
അപ്പോഴും ഒരു ഐസ് മിട്ടായി വേണമെന്ന് അവന്‍റെ പൊരിവെയിലില്‍ വിയര്‍ത്ത ശരീരത്തിനുള്ളില്‍ ഇരുന്നു ഇളം മനസ്സ് ആഗ്രഹിച്ചു..
അവന്‍റെ ഇങ്ഗിതം മനസ്സിലാക്കിയതുപോലെ സൈക്കിള്‍ കാരന്‍ അവനെ കൈകാട്ടി വിളിച്ചു..
നീ പോയി ഒരു കെട്ട് ബീഡി വാങ്ങി വാ..
പോക്കറ്റില്‍ നിന്നും ഒരു തുട്ടെടുത്തു കൊടുത്തു അയാള്‍ പറഞ്ഞു..
അവന്‍ അത് വാങ്ങി വട്ടുരുട്ടി നേരെ കടയിലെക്കോടി..
വാങ്ങികൊടുത്ത ബീടിക്കെട്ടിനു പകരം അയാള്‍ അവനൊരു ഐസ് മിട്ടായി കൊടുത്തു.
വെയിലേറ്റു കരുവാളിച്ച മുഖം ഒരു നിമിഷം കൊണ്ട് സന്തോഷത്താല്‍ ചുമന്നു തുടുത്തു..
അത് കണ്ടിട്ടാവണം അപ്പുറത്തിരുന്ന ഒരു തമിഴ് മിട്ടായി വില്പ്പനക്കാരി അവനു ഒരു മിട്ടായി കൊടുത്തു..
വെളുത്ത ചോക്കില്‍ നീളതിലായി നിറങ്ങള്‍ പൂശിയ മിട്ടായി..
അവന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവര്‍ പറയുന്നത് കേട്ടു..
പാവം തെണ്ടി ചെക്കന്‍..
ദീപാരാധനക്ക് ആളുകള്‍ വന്നു തുടങ്ങി..
ഇടക്കൊരു തവണ വട്ടുരുണ്ട് പോയതെടുക്കുമ്പോള്‍ ഒരു മാന്ന്യന്‍ ആക്രോശിച്ചു..
മാറി നിക്കെടാ തെണ്ടി ചെക്കാ..
കുട്ടികള്‍ അവരുടെ അച്ഛനമ്മമാരുടെ കൂടെ മിന്നുന്ന ഉടുപ്പൊക്കെ ഇട്ടു വന്നു കൈനിറയെ കളിപ്പാട്ടങ്ങളുമായി മടങ്ങുന്നത് അവന്‍ നോക്കി നിന്നു..
എവിടെയാണ് എന്‍റെ അച്ഛനുമമ്മയും?
അന്നാദ്യമായി അവന്‍ അതോര്‍തെടുക്കാന്‍ ശ്രമിച്ചു..
ഓര്‍മകളില്‍ അവ്യക്തമായി ഒരു ചെറു കുടില്‍ തെളിഞ്ഞു..
കുടിലിനരികിലായി ആര്‍ത്തിരമ്പുന്ന കടലും..
കുടിലിനുള്ളില്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്ന സ്ത്രീ ആയിരിക്കണം അമ്മ..
പുറത്തുനിന്നു വലിയ ശബ്ദത്തില്‍ അലറുന്ന ആളായിരുന്നിരിക്കണം അച്ഛന്‍..
ഒരു ദിവസം തന്നെ കരയിലിരുത്തി കടലിലേക്കിറങ്ങി പോകുന്ന സ്ത്രീ രൂപം അവന്‍റെ ഓര്‍മയിലുണ്ട്..
പിന്നെ ആരോ കൂട്ടിക്കൊണ്ടുപോയി ..
ഒരു കുടിലില്‍ താമസിപ്പിച്ചു...
അവിടെനിന്നും വൈകാതെ പുറത്തായി..
പിന്നെ നടന്നു..
ഒടുവില്‍ വിശന്നു ചെന്ന തനിക്കു ചോറും,കിടക്കാന്‍ പായും തന്ന സ്ഥലത്താണ് ഇപ്പോള്‍..
അവിടുത്തെ പണികള്‍ ചെയ്യണം..
വെള്ളം കോരണം,പശുക്കുട്ടിയെ കുളിപ്പിക്കണം,മാറ്റി കെട്ടണം,മീര മോളെ സ്കൂളില്‍ കൊണ്ട് പോണം,കൊണ്ട് വരണം,അവള്‍ക്കും,അച്ഛനും ഉച്ചക്ക് ചോറ് കൊണ്ടുക്കൊടുക്കണം..അങ്ങനെ അങ്ങനെ..
എന്നാലും അവനു സന്തോഷായി..
നിറയെ ഭക്ഷണം കിട്ടും..
അപ്പോഴാണ്‌ അമ്പലത്തിലേക്ക് മീരമോളും,അച്ഛനും,അമ്മയും വരുന്നത് കണ്ടത്..
മീരമോളുടെ അമ്മ അവനെ കണ്ടതും ദേഷ്യത്തോടെ പറഞ്ഞു..
എടാ..എത്ര നേരായി നീ പോന്നിട്ട്..ചെല്ല്..ചെന്ന് കിടാവിനെ അഴിച്ചു തൊഴുത്തില്‍ കെട്ട്..പിന്നെ അരിയാട്ടാനുണ്ട്..വേഗം ചെല്ല്..
അവന്‍ തലയാട്ടി..
മീരമോളും,അച്ഛനും,അമ്മയും അമ്പലത്തിനകത്തേക്ക് പോയി..
അപ്പോള്‍ അടുത്ത് ഇതെല്ലാം കേട്ട് നിന്ന ഒരു കടക്കാരന്‍ വാത്സലല്യ പൂര്‍വ്വം ചോദിച്ചു..
എന്താ മോന്‍റെ പേര്?
അവന്‍ വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി..
ഇത്രയും നാളുകളായിട്ടും ആരും അവനെ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ടില്ല..
മീരമോളെ അങ്ങനെ വിളിക്കുമ്പോള്‍ ഒരു തവണ എങ്കിലും തന്നെ മോനെ എന്നൊന്ന് ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചിട്ടുണ്ട്..
എന്താ പേര്?
അയാള്‍ വീണ്ടും ചോദിച്ചു..
അവന്‍ ഓര്‍ത്തു..എന്താ എന്‍റെ പേര്?
എടാ,പോടാ,വാടാ എന്നൊക്കെയാണ് എല്ലാരും വിളിക്കുന്നത്‌..
ഇതിനിടയില്‍ തനിക്കൊരു പേരുണ്ടോ എന്നുപോലും അവന്‍ ഓര്‍ത്തിട്ടില്ല..
പെട്ടെന്നാണ് മിട്ടായി തന്ന തമിഴത്തി പറഞ്ഞത് അവന്‍ ഓര്‍ത്തത്‌..പാവം തെണ്ടി ചെക്കന്‍...
അവന്‍ അയാളോട് പറഞ്ഞു..
തെണ്ടി ചെക്കന്‍...
ഇത്രയും പറഞ്ഞു വീണ്ടും വട്ടുരുട്ടി അവന്‍ മീരമോളുടെ വീട്ടിലേക്കോടി..
അവിടെ അവനായി കാത്തിരിക്കുന്ന ജോലികള്‍ തീര്‍ക്കാന്‍..
പീ പീ എന്ന ശബ്ദത്തിന്‍റെ കൂടെ ,തനിക്കു വീണു കിട്ടിയ പുതിയ പേരും ഇടയ്ക്കിടെ ആവര്‍ത്തിച്ചു..
തെണ്ടി ചെക്കന്‍..

Sunday, January 16, 2011

ജാലകം


പാതി തുറന്നിട്ട ജാലകപ്പാളിയിലൂടെ ഒരു തെന്നല്‍ ഒഴുകിയെത്തി..
പാറിപ്പറന്ന അളകങ്ങള്‍ മാടി ഒതുക്കി..
വിടര്‍ന്ന കണ്ണുകള്‍ വഴിയോര കാഴ്ചകളില്‍ ഉടക്കി നിന്നു..
ഉച്ചത്തില്‍ കൂവി അകലെ ഒരു തീവണ്ടി കടന്നുപോയി..
കൈവീശി ഞാനും അതിലെ യാത്രക്കാര്‍ക്കാശംസകള്‍ നേര്‍ന്നു...
അവരാരും കണ്ടില്ല എങ്കിലും..
മുറ്റത്തു പൂത്ത്‌ നിന്ന പവിഴമല്ലിയപ്പോള്‍ ഒരുപിടി പൂക്കള്‍ പൊഴിച്ച് മന്ദഹസിച്ചു ..
ഉദയാര്‍ക്ക കിരണങ്ങള്‍ അഴിവാതിലിലൂടെ അരിച്ചിറങ്ങി..
പാല്‍ക്കാരനും,പത്രക്കാരനും പതിവുപോലെ ജോലി കഴിച്ചു സൈക്കിള്‍ മണിയുതിര്‍ത്തു കടന്നുപോയി...
കാക്കകള്‍ കരയും മുന്‍പേ അമ്മ മുറ്റം തൂത്തുവാരി..തളിച്ച്..തുളസിക്ക് നീര്‍ കൊടുത്തു..
സ്കൂള്‍ ബസുകള്‍ ഓരോന്നായി നിരത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു..
വഴിയില്‍ തിരക്ക് കൂടുകയാണ്..ബഹളങ്ങളും..
പാവയ്ക്കാ,വെണ്ടയ്ക്ക,കത്രിക്ക,അങ്ങിനെ പഴം,പച്ചക്കറി വില്‍പ്പനക്കാരനും കടന്നുപോയി...
ഒരു ചീര വില്പ്പനക്കാരി തമിഴത്തി മുറുക്കാന്‍ നീട്ടി തുപ്പി പടിവാതിലില്‍ വന്നു മുട്ടി..
അമ്മ വേണ്ടെന്നു ആംഗ്യം കാണിച്ചു ..
അവളും കുണുങ്ങി കുണുങ്ങി ഒച്ചവെച്ചു നടന്നു നീങ്ങി..
പോകുന്നതിനിടയില്‍ ജനല്പ്പാളിയിലേക്ക് നോക്കി കൈവീശാന്‍ അവള്‍ മറന്നില്ല..
സന്തോഷത്തോടെ ഞാനും കൈകള്‍ ആഞ്ഞു വീശി...
അമ്മ എനിക്കുള്ള കാപ്പിയുമായി മുറിയിലേക്ക് വന്നു..
മുറ്റത്തു സ്കൂട്ടെര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ അച്ഛന്‍ ജോലിക്ക് പോകുന്നെന്നു മനസ്സിലായി..
പണ്ടൊക്കെ രാവിലെ തന്നെ വന്നു കണ്ടു യാത്ര പറഞ്ഞിട്ടേ അച്ഛന്‍ പോകുമായിരുന്നുള്ളൂ..
അത് പിന്നെ ഉമ്മറ പടിയിലെ ഒച്ച മാത്രമായി..
അവസാനം അതും നിലച്ചു..
എല്ലാവര്‍ക്കും ഞാനൊരു ബാധ്യതയായോ/തന്‍റെ പ്രായത്തിലുള്ള പെങ്കുട്ടികള്‍ക്കൊക്കെ കുട്ടികളായി..കുടുംബമായി..
താനിപ്പോഴും ഒരു പരാശ്രയ ജീവിയായി മാറിയതിന്‍ ദുഃഖം അവരിലും സന്തോഷം മരവിക്കാന്‍ കാരണമായി ...
പതിവ് തെറ്റാതെ അമ്മ ബക്കറ്റില്‍ ചൂട് വെള്ളവുമായി വന്നു..
എന്നെ കുളിപ്പിക്കാന്‍..വസ്ത്രങ്ങള്‍ മാറ്റി..
പുതിയവ ഉടുപ്പിക്കുമ്പോള്‍ എന്നും എന്തിനോ അമ്മയുടെ കണ്ണുകള്‍ നിറയും..
നേരത്തെ എന്തിനാണ് അമ്മ കരയുന്നതെന്ന് ചോദിക്കുമായിരുന്നു..
എന്‍റെ കാലം കഴിഞ്ഞാല്‍ ഇതൊക്കെ ആര് ചെയ്യും എന്നാ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിശബ്ദയായി..
ഒരു നെടുവീര്‍പ്പോടെ അമ്മ മുറി വിട്ടു പുറത്തിറങ്ങി..
തളര്‍ന്ന കാലുകള്‍ അനക്കുവാന്‍ വയ്യാതെ നിരങ്ങി നിരങ്ങി ഞാനും ജാലകതിനരികിലെക്ക്..
തുറന്നിട്ട ജനല്‍ ഇന്നെന്‍റെ ലോകമാണ്..
ഈ ഭൂമി തന്‍ സൌന്ദര്യം മുഴുവനും എന്‍റെ മുന്നില്‍ ഒരു ജാലകകാഴ്ചയില്‍ ഒതുങ്ങുന്നു..
ഒരു വീല്‍ ചെയര്‍ കിട്ടിയെങ്കില്‍...
അത് തള്ളുവാന്‍,എന്നെ ഈ ലോകം ഒന്ന് ചുറ്റിനടന്നു കാണിക്കുവാന്‍ ഒരു തോഴി എന്നരികെ എത്തിയെങ്കില്‍...
വൃഥാ മോഹിച്ചു പോകുന്നു പലപ്പോഴും...
ഒടുവില്‍ ഈ ജാലകത്തെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചു പോകുന്നു.......

Thursday, January 13, 2011

സോമരസത്തിന്‍ ഇന്ദ്രജാലം...


കണ്ടു ഞാന്‍ ഇന്നലെ വാര്‍തിങ്കള്‍ പോലുള്ള സുന്ദര മുഖം
പാല്‍നിലാവ് പരത്തി ഒഴുകുന്ന പുഞ്ചിരി എന്റെ മനസ്സിന്‍ കുളിര്‍ തെന്നലായി
വടിവൊത്ത ദേഹവും,നല്ല പെരുമാറ്റവും.
ആരിലും മതിയായ സ്നേഹവും മതിപ്പും ഉണര്‍ത്തുന്ന ആ ഒരാള്‍ എന്‍റെ മനം കവര്‍ന്നു
എന്തെന്നറിയില്ല ഏവരും സമ്മതം നല്‍കി
അത്യഘോഷ പൂര്‍വ്വം മംഗളം മംഗല്യം....
സ്വപ്‌നങ്ങള്‍ ഉറങ്ങുന്ന കണ്ണുമായ് കാത്തിരിക്കും
കാമിനിക്ക് മുന്നില്‍ ആടുന്ന കോമരമായ് നില്‍ക്കുന്നിതാ നവ വരന്‍...
സ്ഥബ്ധയായ് ഒരു നിമിഷം ആ മുഖത്തേക്ക് നോക്കി...
എവിടുന്നോ ഭയം ഇരച്ചു കയറി മനസ്സില്‍....
നാളിതുവരെ കണ്ട സുന്ദരമുഖം വിയര്‍പ്പില്‍ മുങ്ങി...
കണ്ണുകള്‍ ചുവന്ന തടാകങ്ങള്‍ പോലെ ..
നോട്ടം ഉറക്കുന്നില്ല...ചുണ്ടുകള്‍ എന്തോ പുലമ്പുന്നു...
രൂക്ഷ ഗന്ധം മുറിയില്‍ ചന്ദനത്തിരിയുടെ ഗന്ധത്തിനു മീതെ പ്രസരിക്കുന്നു....
കസവുടയാട അഴിഞ്ഞു പാതി നഗ്നമായ ദേഹം ...
സില്‍ക്ക് ജുബ്ബയോ വിയര്‍പ്പില്‍ കുതിര്‍ന്നു പോയി.
അന്ധനെപോലെ വായുവില്‍ കൈകള്‍ വീശി പരതുന്നു എന്തിനോ ....
ഓര്‍മയില്‍ തെളിയാത്ത മുഖം കണ്ടപ്പോള്‍ അതിസൂക്ഷ്മമായ് ഉറ്റുനോക്കി ആക്രോശിച്ചു എന്നോട് പുറത്തുപോകാന്‍....
ഒരു നിമിഷത്തിന്‍ മരവിപ്പില്‍ നിന്നുനര്ന്നെനീട്ടു കാലുകള്‍ അതിദ്രുതം ഇരുട്ടിലെക്കോടി...
പിന്നില്‍ നിന്നെന്തൊക്കെയോ അപസ്വരങ്ങള്‍...
തിരിഞ്ഞു നോക്കിയില്ല...
കാലുകള്‍ മുന്നോട്ടു ചലിച്ചു കൊണ്ടിരുന്നു...
ഒടുവില്‍ തളര്‍ന്നു ഏതോ പെരുവഴിയില്‍ ബോധ രഹിതയായ് വീണു...
അന്ന് വീണത്‌ ശരീരമല്ല ,സ്വന്തം സ്വപ്നങ്ങളായിരുന്നു, മോഹങ്ങളായിരുന്നു,ജീവിതമായിരുന്നു....
ആത്മാവ് നഷ്ടപ്പെട്ട ജഡമായി ജീവിക്കുന്നതോ സ്ത്രീ ജന്മം.?

Monday, January 10, 2011

വാര്‍ധക്യം


ജരാ നര ബാധിച്ച കായം തളരുന്നു,
മനസ്സും മറവികള്‍ വന്നു മൂടി മേഘാവൃത വിഹായസ്സു പോലെ ..
കൂട്ടിനോരോരോ അസുഖങ്ങള്‍ മാത്രം ബാക്കിയായി..
പരസ്സഹായം ഏറ്റം വേണ്ടുന്ന മാത്രയില്‍ ആഗ്രഹിച്ചു പോകുന്നു യുവത്വം വീണ്ടും...
പണ്ട് പാടിയ പാട്ടിന്‍ ശീലുകള്‍ മറന്നു ..
നടന്ന പാട വരമ്ബുകലെന്ഗോ പോയ്‌ മറഞ്ഞു ..
മനസ്സില്‍ കുളിര്‍മഴ പെയ്യിച്ച കൌമാര കാമിനി മരണത്തിന്‍ മന്ച്ചലേരി അജ്ഞാത ലോകത്തേക്ക് വിട വാങ്ങി ..
താരാട്ടു പാടി ഉറക്കി ,പിച്ച വെക്കാന്‍ പഠിപ്പിച്ച മക്കളോ ദൂരെ ലൌകിക സുഖങ്ങള്‍ തേടി യാത്രയായി..
ഏകാന്തതയില്‍ തുറന്നിരിക്കുന്ന കണ്ണുകളില്‍ പ്രതീക്ഷകളില്ല,മോഹങ്ങളില്ല,അസ്തിത്വമില്ല ...
വരണ്ട വിരക്തി മാത്രം..
വിരക്തിയില്‍ നിന്നുയിര്‍തെഴുന്നെട്ട മരവിപ്പ് മാത്രം..
ഇനിയെത്ര നാള്‍,ആര്‍ക്കുവേണ്ടി ,ഈ രോഗാതുരമായ വിഴുപ്പു ഭാണ്ഡം ,ചുമന്നു ആത്മാവ് തളരേണം?
മതിയാവോളം ജീവിച്ചു മരിച്ചവര്‍ ഇവിടെ ഇല്ല..
കൊതി തീരും വരെ ജീവിച്ചു മരിച്ചവര്‍ ഇവിടെ ഇല്ല..
ആകെ ഉള്ളത് ജീവിതം മടുത്തു മരണം എന്നാ മരീചികക്കുമപ്പുരം വരാനിരിക്കുന്ന സുന്ദര ലോകമെന്ന മിഥ്യ സ്വപ്നം കണ്ടിരിക്കുന്നവര്‍ മാത്രം..
വലിച്ചെറിഞ്ഞു ഉടച്ചു കളയുവാന്‍ ആഗ്രഹിച്ചു പോകുന്നു ചിലര്‍ ഈ ശരീരത്തെ...
ചിലരാകട്ടെ സ്വയം നശിപ്പിച്ചു സ്വന്തം ആത്മാവിനെ തന്നെ ഹോമിക്കുന്നിവിടെ..
എല്ലാം മായ ,എല്ലാം വെറും തോന്നല്‍ ഒരു വെറും സ്വപ്നം എന്നാ തിരിച്ചറിവില്‍ ജീവിക്കുന്നവരോ പുഞ്ചിരിക്കുന്നു ...
അതും ഒരു മുഖംമൂടി...