Friday, May 29, 2015

കാവ്യ ചന്ദ്രിക  നൂപുരമണിയും 
ഗാന ശലാഖകൾ അല ഞൊറി യും 
മന്ദാര പുഷ്പങ്ങൾ സ്നേഹഗീതമായ്
മലയാള മണ്ണിൽ വിടരുമ്പോൾ ..

കണ്ണുകളാൽ ഒരു  കഥ  എഴുതാൻ
കർണ്ണികാര പൂ വിടരും
ഭാവന  പൂക്കുന്ന മനസ്സുകളിൽ
പനിനീർ കംബളം ചേല  ചുറ്റും

ചിരിക്കാൻ മറന്നൊരാ ചുണ്ടുകളിൽ
പുഞ്ചിരി മലരുകൾ വിടരുമ്പോൾ
വിധിയുടെ കൈകളാൽ വേട്ടയാടിയ
ബലി മൃഗ ങ്ങൾ ക്കതു  തീർഥ മാകും 
കണ്ണിൽ  കത്തുന്ന  പ്രണയമില്ല
മനസ്സിൽ  മർത്യ  ദാഹമില്ല
അനുരാഗ നാടക വേഷങ്ങൾ  മാത്രം
ആടുന്ന നീയൊരു വിസ്മയ താരം  ....
കല്ലാക്കി  മാറ്റിയ മാനസത്തിൻ
വാതിൽ  തുറ ന്നൊഴുക്കുകില്ലെ
മറവി  തൻ  ആഴത്തിൽ  മയങ്ങുന്ന  ഏതോ
മധുര  സ്മരണ  തൻ പൂന്തോണികൾ
മൌനങ്ങളാൽ  നമ്മൾ  തീർത്തൊരീ വാത്മീകം
എന്നിനി എന്നിനി  തകർന്നു  വീഴും ?
കുരിശുകൾ  ചുമന്നു  കാൽവരി  കേറുന്ന
മുറിവേറ്റ  ഹൃദയങ്ങൾ ആര് കാണും ?
ഉണരുന്ന  ചിന്തകളെ  അതിവേഗമുറക്കി
ഉണരാതെ ഉണരുന്ന പ്രഭാതങ്ങൾ
തളർന്നു  വീഴുന്ന  പാന്ഥർ ക്കായൊരു
സ്നേഹഗീതം ഉയരുകില്ലേ ?



Saturday, May 16, 2015

മനസ്സ് ശാന്തമായ പുഴ പോലെ ഒഴുകുകയാണ് .കണ്ണാടി തെളിവെള്ളത്തിൽ ഓർമ്മകൾ മാത്രം ..ഒരുപിടി പഴയ ഓർമ്മകൾ .നല്ല കുറെ ഓർമ്മകൾ ...അവിടെ ദൈവമില്ല ,മാലാഖയില്ല ,വെളിച്ചമില്ല ,മെഴുകുതിരികൾ ഇല്ല ,മഴ ഇല്ല ,കുട ഇല്ല ,നിറമുള്ള ഉടുപ്പുകൾ ഇല്ല ,പ്രായമില്ല ,പിണക്കമില്ല ,ഇണങ്ങിയാൽ പിണങ്ങുകയും പിണങ്ങിയാൽ ഇണങ്ങുകയും ചെയ്തിരുന്ന കുട്ടിക്കാലം .പൂമ്പാറ്റകളെ പോലെ പാറി നടന്ന നിഷ്കളങ്കതയുടെ തൊങ്ങലുകൾ ഇളകുന്ന ഉടുപ്പുകൾ ഇട്ട കുസൃതിക്കുട്ടികൾ .സ്വാർത്ഥതയുടെ  ദുർമോഹങ്ങൾ ഇല്ല ,അസ്വസ്ഥതയില്ല ,അധികാര ഭ്രമമില്ല ,ആക്രാന്തമില്ല ,കിട്ടുന്ന മിട്ടായി കൃത്യമായി പങ്കുവെച്ചു തൊടിയിൽ  ഓടി നടന്ന കാലം .ധൈര്യമായി സുഹൃത്തിനെ നോക്കി പോടാ കുരങ്ങാ  എന്നോ പോടീ കുരങ്ങീ എന്നോ വിളിക്കാമായിരുന്ന  കാലം .ആ കാലത്തിന്റെ മാധുര്യത്തോളം  വരില്ല ഒരു മോഹങ്ങൾക്കും മധുരം ....ഇങ്ങനെ കുറച്ചു കാലം തന്ന ദൈവത്തിനും കൂട്ടുകാർക്കും നന്ദി...നന്ദി ..നന്ദി ..........

Monday, May 11, 2015

വെളിച്ചം ദുഃഖം തന്നെ

കാലചക്രങ്ങൾ  മുന്നോട്ടുരുളുംബോൾ ഞാൻ മാത്രം പിന്നിലെക്കുരുളുകയാണ് ..ഒടുവിൽ തുടങ്ങിയിടത്തു തന്നെ അവസാനവും ..അപ്പോഴാണ്‌ നഷ്ടപ്പെട്ട ഇന്നലെകളുടെ സൌഭാഗ്യങ്ങളെ കൂടുതൽ മനസ്സിനോട് ചേർത്തു നിർത്താനാവുക ..അവയിൽ പ്രിയപ്പെട്ടവ ബാല്യവും ,ബാല്യ മനസ്സിൽ പതിഞ്ഞ നന്മയുടെ സ്നേഹത്തിന്റെ കിരണങ്ങളും ....ഓർമ്മകളുടെ ചെപ്പിൽ ഇഷ്ടമില്ലാത്തവയെ ഡിലീറ്റ് ചെയ്തു ഇഷ്ടമുള്ളവയെ സെർവ് ചെയ്തു സൂക്ഷിക്കുന്നതിനാൽ മറവി ഒരനുഗ്രഹമാണ്‌ ...മറവി ഇല്ലായിരുന്നു എങ്കിൽ ഒരു പ്രതികാര ദുർഗയായി മനസ്സ് മാറുമായിരുന്നു ..നിസ്സാര കാര്യങ്ങൾക്കു പോലും വാശി പിടിക്കുന്ന ഒരു നവയുഗ അവതാരം ...അവിടെ നിന്നും തെന്നി മാറിയപ്പോൾ എനിക്ക് സ്വന്തമായതും നഷ്ടമായതും എന്നെ തന്നെയാണ് ..

ബന്ധങ്ങളുടെ കെട്ടുപാടുകളിൽ വിശുദ്ധി ഉണ്ടായിരുന്ന ഒരു കാലം ..ഇന്ന് പലർക്കും ഇത് കേൾക്കുമ്പോൾ നെറ്റി ചുളിയാം ...ഇന്നും ബന്ധങ്ങളിൽ ഊഷ്മളത ഇല്ലേ എന്ന് സംശയം പ്രകടിപ്പിക്കാം ...ആരോഗ്യവും ,സമ്പത്തും ,താൻ പോരിമയുമുള്ള ഒരാൾക്ക്‌ ഈ പറയുന്നത് മനസ്സിലാവണമെന്നില്ല ...
ഇരുപത്തഞ്ചു പൈസയുടെ ഒരു ഇല്ലണ്ട് കാർഡ് തപാലിൽ വരുമ്പോൾ പോസ്റ്റ്‌ മാന്റെ കൈയിൽ നിന്നും സന്തോഷത്തോടെ വാങ്ങി കുടുംബാന്ഗങ്ങളെ മുഴുവൻ വായിപ്പിച്ചു കേൾപ്പിച്ചു, അങ്ങനെ തപാലിൽ വരുന്ന ഒരു കാർഡ് പോലും കളയാതെ വളഞ്ഞ കമ്പിയിൽ കോർത്തിട്ടു ബന്ധങ്ങൾ സൂക്ഷിച്ചിരുന്ന കാലം ..ബന്ധുവിന്റെയോ ,സുഹൃത്തിന്റെയോ ഒരു എഴുത്ത് പോലും അന്നൊക്കെ കീറില്ലായിരുന്നു ആരും ..അങ്ങനെ നൂറു കണക്കിന് എഴുത്തുകളും കാർഡുകളും കൊരുത്തിട്ട ഒരു കമ്പി പല വീടുകളുടെയും ഉത്തരത്തിൽ ഊഞ്ഞാലാടി ...ഇരുപത്തഞ്ചു പൈസ ആയിരുന്നില്ല അങ്ങനെ വരുന്ന എഴുത്തിന്റെ വില ....

ആ ഓർമ്മകളിൽ ഇന്ന് ഞാൻ എന്നെ തിരയുകയാണ് ...അവിടെ ഞാൻ കണ്ടെത്തിയതും എന്നെ മാത്രം ...എന്നെപോലെ ഓർമ്മകൾ തപ്പി നടക്കുന്ന മുഖമറിയാത്ത ഒരുപാട് പേരുണ്ടാകാം ..എനിക്കിനി ഭാവനയുടെ ചിറകുകൾ ആവശ്യമില്ല ..ഓർമ്മകളുടെ തീരത്ത്‌ തപസ്സിരിക്കുന്ന പഴയ ഒരു കൊച്ചു കുട്ടി ..വളർച്ച  മുരടിച്ച ,ബുദ്ധി മുരടിച്ച കാലത്തിന്റെ കണക്കു പുസ്തകത്തിൽ കൂട്ടിയും കിഴിച്ചും ഹരിച്ചും ഗുണിച്ചും ഒടുവിൽ വെട്ടി കളഞ്ഞ ഒരു തിരുത്ത് .....