Monday, June 11, 2012

ശൈശവം

ചേലെഴും ചെന്തൊണ്ടി ചുണ്ടില്‍ നുരയുന്ന
അമ്മിഞ്ഞ പാല്‍ കപ്പി ചിരി വിടര്‍ന്നു....
ചേല വലിച്ചിട്ടു മാറോടു ചേര്ത്തമ്മ
തെരു തെരെ മുത്തി ഇരു കവിളില്‍.....

കാലുകള്‍ നീട്ടി മെത്തയാക്കി പിന്നെ
വെന്തെണ്ണ തേച്ചു തടവി മെല്ലെ....
ഉണ്ണിക്കൈ വളരെന്ന് ഈണത്തില്‍ മൂളി...
ഉണ്ണിക്കാല്‍ വളരെന്നുഴിഞ്ഞുടച്ചു....

സ്വര്‍ണ്ണ നിറമെഴും മഞ്ഞള്‍ പൊടി തേച്ചു,
കാഞ്ഞ വെള്ളത്തില്‍ മെഴുക്കെടുത്തു....
ഉച്ചിയില്‍ രാസ്നാദി തേച്ചു പിടിപ്പിച്ചു..
ചാര്‍ത്തിച്ചു പൊന്നിന്‍ ഭൂഷണങ്ങള്‍ ....

പദ്മ ദളങ്ങള്‍ പോല്‍ ശോഭയെഴുന്നൊരു
മിഴികളിലന്ജനം ചാര്‍ത്തി പിന്നെ...
പുരികക്കൊടികളും ,കണ്മഷി പൂണ്ടു
കണ്ണു തട്ടാതെ പൊട്ടു കുത്തി....

ഇങ്കു കുറുക്കി വയര്‍ നിറച്ചു പിന്നെ
  താരാട്ടിന്‍ ശീലുകള്‍ മൂളി മെല്ലെ..
നിദ്ര തഴുകിയ മിഴികളില്‍ ചുംബിച്ചു
തൊട്ടിലിലാട്ടിയുറക്കി ചെമ്മേ...

വെക്കം കുളിച്ചു പുടവയുടുത്തമ്മ
കുഞ്ഞുമായ് ക്ഷേത്രത്തില്‍ പോകാനായി...
തൊട്ടിലില്‍ വന്നു കുനിഞ്ഞ നേരം കണ്ടു
ഉണര്‍ന്നു ചിരിക്കുന്ന കണ്മണിയെ...

വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോള്‍ കണ്മഷി
തൊട്ടിലില്‍ വെച്ചതും മറന്നുപോയി...
പിഞ്ചു വിരലാല്‍  കണ്മഷി വാരി ആ
പിഞ്ചു മുഖമാകെ തേച്ചു വെച്ചു ....

ചന്തത്തില്‍ ഒരുക്കിയ  കുഞ്ഞിനെ  എടുത്തൊന്നു
പോകാന്‍ കഴിയാത്ത ഇച്ചാ ഭംഗം
തുടുതുടെ എന്നുള്ള പിഞ്ചു തുടകളില്‍
നുള്ളി നോവിക്കുവാന്‍ തുനിഞ്ഞിതമ്മ..
പല്ലില്ലാ മോണകള്‍ കാട്ടി വെളുക്കനെ
പുഞ്ചിരി തൂകുന്ന ഓമനയെ
വാരിയെടുത്തമ്മ മുത്തങ്ങള്‍ നല്കീപ്പോ
അമ്മ മുഖത്തും കരി പടര്‍ന്നു.......ഒരു നല്ല
ചിരി വിടര്‍ന്നു....