Wednesday, April 18, 2012

കടലാസ്സു പൂക്കള്‍ നിറങ്ങള്‍ വിതറുന്ന 
ഗന്ധമില്ലാത്തൊരെന്‍ പുഷ്പ്പവാടി...
ആമ്ബല്‍പ്പൂവുകള്‍ തിങ്ങിവളരുന്ന
പൊയ്കയില്‍ ചേര്‍തിങ്ങി, ജലപ്പരപ്പില്‍ 
പായല്‍ നിറഞ്ഞു പൂക്കള്‍ അനാഥമായി..


പരിമളം പരത്തി സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ 
ഇറങ്ങിത്തിരിച്ചൊരു പനിനീര്‍പ്പൂവും 
യാത്രാമൊഴി ചൊല്ലി പിരിഞ്ഞുപോകവേ 
പിന്നെയും ശൂന്യമായ് പൂക്കളെന്‍ വാടിയില്‍..


സൂര്യനെ നോക്കി തപം ചെയ്ത രണ്ടു 
പദ്മങ്ങള്‍ വിടര്‍ന്നു വീണ്ടുമൊരിക്കല്‍..
ഇന്ദ്രനീല വര്‍ണ്ണത്തില്‍ സ്നേഹദീപമായ്,
ശുഭ്ര വര്‍ണ്ണത്തില്‍ നിര്‍മ്മലയായ്....
കാവ്യദേവത സരസ്വതിക്കര്‍ച്ചിക്കാന്‍ 
അവ രണ്ടുമാരോ പിഴുതെടുത്തു.....


കണ്ണന്‍റെ കാഞ്ചന കാഞ്ചീ മണികള്‍ 
പുഷ്പങ്ങളായ് പൂക്കും കണിക്കൊന്നയില്‍ 
പൂത്തുവിടര്‍ന്ന സ്വര്‍ണ്ണ മണി പൂക്കള്‍ 
എപ്പോഴോ ചിരി തൂകി കടന്നുപോയി..


ശ്രീയെഴും തിരുമുറ്റം സൌരഭ്യമേകി
വനജ്യോത്സ്ന ഒരിക്കല്‍ പൂത്തുലഞ്ഞു..
ഒരു കുഞ്ഞുകാറ്റില്‍ ആ പൂക്കളെല്ലാം 
പൊഴിഞ്ഞു, വാടി വീണ്ടും ശൂന്യമായി...





ഇന്നിതാ എന്‍റെ പൂവാടി ശൂന്യമായി 
ഏതോ ഒരു കോണില്‍ ഇന്നും 
വാടാത്ത ഒരു കുഞ്ഞു ശിഖരം മാത്രം 
അതെന്‍റെ കടലാസ് റോസയല്ലോ