Monday, June 11, 2012

ശൈശവം

ചേലെഴും ചെന്തൊണ്ടി ചുണ്ടില്‍ നുരയുന്ന
അമ്മിഞ്ഞ പാല്‍ കപ്പി ചിരി വിടര്‍ന്നു....
ചേല വലിച്ചിട്ടു മാറോടു ചേര്ത്തമ്മ
തെരു തെരെ മുത്തി ഇരു കവിളില്‍.....

കാലുകള്‍ നീട്ടി മെത്തയാക്കി പിന്നെ
വെന്തെണ്ണ തേച്ചു തടവി മെല്ലെ....
ഉണ്ണിക്കൈ വളരെന്ന് ഈണത്തില്‍ മൂളി...
ഉണ്ണിക്കാല്‍ വളരെന്നുഴിഞ്ഞുടച്ചു....

സ്വര്‍ണ്ണ നിറമെഴും മഞ്ഞള്‍ പൊടി തേച്ചു,
കാഞ്ഞ വെള്ളത്തില്‍ മെഴുക്കെടുത്തു....
ഉച്ചിയില്‍ രാസ്നാദി തേച്ചു പിടിപ്പിച്ചു..
ചാര്‍ത്തിച്ചു പൊന്നിന്‍ ഭൂഷണങ്ങള്‍ ....

പദ്മ ദളങ്ങള്‍ പോല്‍ ശോഭയെഴുന്നൊരു
മിഴികളിലന്ജനം ചാര്‍ത്തി പിന്നെ...
പുരികക്കൊടികളും ,കണ്മഷി പൂണ്ടു
കണ്ണു തട്ടാതെ പൊട്ടു കുത്തി....

ഇങ്കു കുറുക്കി വയര്‍ നിറച്ചു പിന്നെ
  താരാട്ടിന്‍ ശീലുകള്‍ മൂളി മെല്ലെ..
നിദ്ര തഴുകിയ മിഴികളില്‍ ചുംബിച്ചു
തൊട്ടിലിലാട്ടിയുറക്കി ചെമ്മേ...

വെക്കം കുളിച്ചു പുടവയുടുത്തമ്മ
കുഞ്ഞുമായ് ക്ഷേത്രത്തില്‍ പോകാനായി...
തൊട്ടിലില്‍ വന്നു കുനിഞ്ഞ നേരം കണ്ടു
ഉണര്‍ന്നു ചിരിക്കുന്ന കണ്മണിയെ...

വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോള്‍ കണ്മഷി
തൊട്ടിലില്‍ വെച്ചതും മറന്നുപോയി...
പിഞ്ചു വിരലാല്‍  കണ്മഷി വാരി ആ
പിഞ്ചു മുഖമാകെ തേച്ചു വെച്ചു ....

ചന്തത്തില്‍ ഒരുക്കിയ  കുഞ്ഞിനെ  എടുത്തൊന്നു
പോകാന്‍ കഴിയാത്ത ഇച്ചാ ഭംഗം
തുടുതുടെ എന്നുള്ള പിഞ്ചു തുടകളില്‍
നുള്ളി നോവിക്കുവാന്‍ തുനിഞ്ഞിതമ്മ..
പല്ലില്ലാ മോണകള്‍ കാട്ടി വെളുക്കനെ
പുഞ്ചിരി തൂകുന്ന ഓമനയെ
വാരിയെടുത്തമ്മ മുത്തങ്ങള്‍ നല്കീപ്പോ
അമ്മ മുഖത്തും കരി പടര്‍ന്നു.......ഒരു നല്ല
ചിരി വിടര്‍ന്നു....





Friday, May 18, 2012

അമ്മ

മാതൃ പാദങ്ങളില്‍ പൂജാ മലരായ്  
വീഴുവതിലും  ഭാഗ്യം എന്തുള്ളു മണ്ണില്‍?
ഗര്‍ഭ  പാത്രത്തില്‍ പത്തു മാസം ചുമന്നു 
ഊഴിയില്‍ പൈതല്‍  ജാതനാകും മുന്നേ....
ഭൂജാതനായാല്‍  സ്വന്തം സ്വപ്നങ്ങളില്‍ 
ചുമക്കുന്നു അവളവനെ    മരണം വരെ!!!!
ഈറ്റില്ലത്തില്‍ പ്രാണന്‍ പിടയുമ്പോഴും 
 പ്രാര്‍ത്ഥനയോടെ കേഴുന്നു കുഞ്ഞിനായി...
വേദനയെല്ലാം മറന്നു തന്‍ കുരുന്നിന്  
അമൃത്  ഏകുന്നു ആ   വരളുന്ന   ചുണ്ടുകളില്‍...
പൊക്കിള്‍ക്കൊടിയുടെ ബന്ധം മുറിയുമ്പോള്‍ 
മുറിയാത്ത  ബന്ധമായി മുറുകുന്നു സ്നേഹ  ബന്ധം...
അഴിയാത്ത  ബന്ധങ്ങള്‍ അഴിച്ചിടുവാന്‍ ,
മറവിയില്‍ എന്നേക്കുമായ്  തളച്ചിടുവാന്‍ 
കഴിയാത്ത  സ്നേഹ  നൊമ്പരത്തിന്‍ 
കാല്‍ക്കലെന്‍ അക്ഷര  പ്രണാമം...ആ...
ഓര്‍മ്മകള്‍ക്ക്  മുന്നില്‍ സാഷ്ടാങ്ക  നമസ്കാരം....



Wednesday, April 18, 2012

കടലാസ്സു പൂക്കള്‍ നിറങ്ങള്‍ വിതറുന്ന 
ഗന്ധമില്ലാത്തൊരെന്‍ പുഷ്പ്പവാടി...
ആമ്ബല്‍പ്പൂവുകള്‍ തിങ്ങിവളരുന്ന
പൊയ്കയില്‍ ചേര്‍തിങ്ങി, ജലപ്പരപ്പില്‍ 
പായല്‍ നിറഞ്ഞു പൂക്കള്‍ അനാഥമായി..


പരിമളം പരത്തി സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ 
ഇറങ്ങിത്തിരിച്ചൊരു പനിനീര്‍പ്പൂവും 
യാത്രാമൊഴി ചൊല്ലി പിരിഞ്ഞുപോകവേ 
പിന്നെയും ശൂന്യമായ് പൂക്കളെന്‍ വാടിയില്‍..


സൂര്യനെ നോക്കി തപം ചെയ്ത രണ്ടു 
പദ്മങ്ങള്‍ വിടര്‍ന്നു വീണ്ടുമൊരിക്കല്‍..
ഇന്ദ്രനീല വര്‍ണ്ണത്തില്‍ സ്നേഹദീപമായ്,
ശുഭ്ര വര്‍ണ്ണത്തില്‍ നിര്‍മ്മലയായ്....
കാവ്യദേവത സരസ്വതിക്കര്‍ച്ചിക്കാന്‍ 
അവ രണ്ടുമാരോ പിഴുതെടുത്തു.....


കണ്ണന്‍റെ കാഞ്ചന കാഞ്ചീ മണികള്‍ 
പുഷ്പങ്ങളായ് പൂക്കും കണിക്കൊന്നയില്‍ 
പൂത്തുവിടര്‍ന്ന സ്വര്‍ണ്ണ മണി പൂക്കള്‍ 
എപ്പോഴോ ചിരി തൂകി കടന്നുപോയി..


ശ്രീയെഴും തിരുമുറ്റം സൌരഭ്യമേകി
വനജ്യോത്സ്ന ഒരിക്കല്‍ പൂത്തുലഞ്ഞു..
ഒരു കുഞ്ഞുകാറ്റില്‍ ആ പൂക്കളെല്ലാം 
പൊഴിഞ്ഞു, വാടി വീണ്ടും ശൂന്യമായി...





ഇന്നിതാ എന്‍റെ പൂവാടി ശൂന്യമായി 
ഏതോ ഒരു കോണില്‍ ഇന്നും 
വാടാത്ത ഒരു കുഞ്ഞു ശിഖരം മാത്രം 
അതെന്‍റെ കടലാസ് റോസയല്ലോ







Thursday, January 12, 2012

രാധ

രാധ

പ്രണയം അന്നും ഇന്നും സ്ത്രീക്ക് സമ്മാനിക്കുന്നത് ദുഃഖം മാത്രമാണെന്നാണ് രാധാ കൃഷ്ണ പ്രണയത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്..കൃഷ്ണനെ അവതാര പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ ,ഒരു പാവം പെണ്‍കുട്ടിയെ പ്രണയത്തില്‍ പെടുത്തി ദു:ഖപുത്രി ആക്കി മാറ്റിയ ഒരാളായിട്ടെ കാണുവാന്‍ കഴിയൂ..തന്നെക്കാള്‍ പ്രായക്കൂടുതലുള്ള രാധയോടുള്ള പ്രണയം മാംസ നിബദ്ധമായിട്ടെ കരുതുവാന്‍ നിവൃത്തിയുള്ളൂ....ഗീതാഗോവിന്ദത്തില്‍ ഒഴികെ എവിടെയും രാധയെ ഒരു മുഖ്യ കഥാപാത്രമായി വര്‍ണ്ണിക്കുന്നില്ല..കൃഷ്ണന്‍റെ ബാല്യകാല സഖി എന്ന നിലയില്‍ മാത്രമേ രാധക്ക്സ്ഥാനം ഉള്ളൂ..

പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാധയുടെ ജീവിതം കൃഷ്ണ ഭക്തിയില്‍ ഒതുങ്ങിയോ?അതോ ,രുഗ്മിണിയും ,സത്യഭാമയും കൃഷ്ണന്‍റെ ഭാര്യമാരായി വന്നപ്പോള്‍ രാധ അവരുടെ നിഴലായി മാറിയോ??
ഭക്തിയുടെ മറവില്‍ എന്ത് പേര് വിളിച്ചാലും എന്‍റെ ചിന്തകളില്‍ രാധ എന്നും ഒരു ദു:ഖപുത്രി  ആണ്.. പുരുഷന്‍റെ ഇന്ഗിതത്തിനു വഴങ്ങി ഒടുവില്‍ ജീവിതം നഷ്ടപ്പെട്ട ഒരു പ്രണയിനി...മൂല്ല്യമില്ലാതെ പോയ അനേകം സ്ത്രീ ജന്മങ്ങളുടെ മാതൃക...സ്നേഹത്താല്‍ ..സര്‍വ്വവും സമര്‍പ്പിച്ച ശേഷം പരിത്യജിക്കപ്പെട്ടവള്‍..