Sunday, January 16, 2011

ജാലകം


പാതി തുറന്നിട്ട ജാലകപ്പാളിയിലൂടെ ഒരു തെന്നല്‍ ഒഴുകിയെത്തി..
പാറിപ്പറന്ന അളകങ്ങള്‍ മാടി ഒതുക്കി..
വിടര്‍ന്ന കണ്ണുകള്‍ വഴിയോര കാഴ്ചകളില്‍ ഉടക്കി നിന്നു..
ഉച്ചത്തില്‍ കൂവി അകലെ ഒരു തീവണ്ടി കടന്നുപോയി..
കൈവീശി ഞാനും അതിലെ യാത്രക്കാര്‍ക്കാശംസകള്‍ നേര്‍ന്നു...
അവരാരും കണ്ടില്ല എങ്കിലും..
മുറ്റത്തു പൂത്ത്‌ നിന്ന പവിഴമല്ലിയപ്പോള്‍ ഒരുപിടി പൂക്കള്‍ പൊഴിച്ച് മന്ദഹസിച്ചു ..
ഉദയാര്‍ക്ക കിരണങ്ങള്‍ അഴിവാതിലിലൂടെ അരിച്ചിറങ്ങി..
പാല്‍ക്കാരനും,പത്രക്കാരനും പതിവുപോലെ ജോലി കഴിച്ചു സൈക്കിള്‍ മണിയുതിര്‍ത്തു കടന്നുപോയി...
കാക്കകള്‍ കരയും മുന്‍പേ അമ്മ മുറ്റം തൂത്തുവാരി..തളിച്ച്..തുളസിക്ക് നീര്‍ കൊടുത്തു..
സ്കൂള്‍ ബസുകള്‍ ഓരോന്നായി നിരത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു..
വഴിയില്‍ തിരക്ക് കൂടുകയാണ്..ബഹളങ്ങളും..
പാവയ്ക്കാ,വെണ്ടയ്ക്ക,കത്രിക്ക,അങ്ങിനെ പഴം,പച്ചക്കറി വില്‍പ്പനക്കാരനും കടന്നുപോയി...
ഒരു ചീര വില്പ്പനക്കാരി തമിഴത്തി മുറുക്കാന്‍ നീട്ടി തുപ്പി പടിവാതിലില്‍ വന്നു മുട്ടി..
അമ്മ വേണ്ടെന്നു ആംഗ്യം കാണിച്ചു ..
അവളും കുണുങ്ങി കുണുങ്ങി ഒച്ചവെച്ചു നടന്നു നീങ്ങി..
പോകുന്നതിനിടയില്‍ ജനല്പ്പാളിയിലേക്ക് നോക്കി കൈവീശാന്‍ അവള്‍ മറന്നില്ല..
സന്തോഷത്തോടെ ഞാനും കൈകള്‍ ആഞ്ഞു വീശി...
അമ്മ എനിക്കുള്ള കാപ്പിയുമായി മുറിയിലേക്ക് വന്നു..
മുറ്റത്തു സ്കൂട്ടെര്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ അച്ഛന്‍ ജോലിക്ക് പോകുന്നെന്നു മനസ്സിലായി..
പണ്ടൊക്കെ രാവിലെ തന്നെ വന്നു കണ്ടു യാത്ര പറഞ്ഞിട്ടേ അച്ഛന്‍ പോകുമായിരുന്നുള്ളൂ..
അത് പിന്നെ ഉമ്മറ പടിയിലെ ഒച്ച മാത്രമായി..
അവസാനം അതും നിലച്ചു..
എല്ലാവര്‍ക്കും ഞാനൊരു ബാധ്യതയായോ/തന്‍റെ പ്രായത്തിലുള്ള പെങ്കുട്ടികള്‍ക്കൊക്കെ കുട്ടികളായി..കുടുംബമായി..
താനിപ്പോഴും ഒരു പരാശ്രയ ജീവിയായി മാറിയതിന്‍ ദുഃഖം അവരിലും സന്തോഷം മരവിക്കാന്‍ കാരണമായി ...
പതിവ് തെറ്റാതെ അമ്മ ബക്കറ്റില്‍ ചൂട് വെള്ളവുമായി വന്നു..
എന്നെ കുളിപ്പിക്കാന്‍..വസ്ത്രങ്ങള്‍ മാറ്റി..
പുതിയവ ഉടുപ്പിക്കുമ്പോള്‍ എന്നും എന്തിനോ അമ്മയുടെ കണ്ണുകള്‍ നിറയും..
നേരത്തെ എന്തിനാണ് അമ്മ കരയുന്നതെന്ന് ചോദിക്കുമായിരുന്നു..
എന്‍റെ കാലം കഴിഞ്ഞാല്‍ ഇതൊക്കെ ആര് ചെയ്യും എന്നാ ചോദ്യത്തിന് മുന്നില്‍ ഞാന്‍ നിശബ്ദയായി..
ഒരു നെടുവീര്‍പ്പോടെ അമ്മ മുറി വിട്ടു പുറത്തിറങ്ങി..
തളര്‍ന്ന കാലുകള്‍ അനക്കുവാന്‍ വയ്യാതെ നിരങ്ങി നിരങ്ങി ഞാനും ജാലകതിനരികിലെക്ക്..
തുറന്നിട്ട ജനല്‍ ഇന്നെന്‍റെ ലോകമാണ്..
ഈ ഭൂമി തന്‍ സൌന്ദര്യം മുഴുവനും എന്‍റെ മുന്നില്‍ ഒരു ജാലകകാഴ്ചയില്‍ ഒതുങ്ങുന്നു..
ഒരു വീല്‍ ചെയര്‍ കിട്ടിയെങ്കില്‍...
അത് തള്ളുവാന്‍,എന്നെ ഈ ലോകം ഒന്ന് ചുറ്റിനടന്നു കാണിക്കുവാന്‍ ഒരു തോഴി എന്നരികെ എത്തിയെങ്കില്‍...
വൃഥാ മോഹിച്ചു പോകുന്നു പലപ്പോഴും...
ഒടുവില്‍ ഈ ജാലകത്തെ ഞാന്‍ ജീവനേക്കാള്‍ സ്നേഹിച്ചു പോകുന്നു.......

2 comments:

  1. ithanu jeevitham....palappozum....

    agrahichathonnum kittathe varumbol....

    kittiyathine vallathe snehichu povuka.....dhukamanengil koodiyum...aa dukhatheyum......

    ReplyDelete
  2. valare shariyanu..valare sradhapoorvam blog vayikkukayum,abhiprayum parayukayum cheytha koottukaarikku hrudayam niranja nandhi..

    ReplyDelete