Friday, January 21, 2011

വിധവ






വരണ്ട തരിശു നിലം ഒരു മഴതുള്ളിക്കായ് കാത്തിരിക്കും പോലെ അവള്‍ ഓരോ കണ്ണുകളിലും പരതി,സ്നേഹത്തിന്‍റെ ഒരു കണിക..
ഇല്ല..
സഹതാപത്തിന്റെ കൂര്‍ത്ത കുന്തമുന നീണ്ടു വന്നു കുത്തിനോവിക്കുന്നത് ഓരോ നോട്ടങ്ങളില്‍ നിന്നും അവളറിഞ്ഞു..
ഒരിക്കല്‍ തന്‍റെ എല്ലാമായിരുന്ന ആള്‍ ..
ഓര്‍മ്മകള്‍ മാത്രം ബാക്കിയാക്കി തനിച്ചു യാത്രയായപ്പോള്‍ ആദ്യം അത് ഉള്‍ക്കൊള്ളുവാന്‍ ആയില്ല..
വിശ്വാസം വരാതെ മരവിച്ചു നിന്നുപോയി..
പിന്നെ അടഞ്ഞ കണ്ണുകളിലേക്കു നോക്കി..
ഉറക്കം നടിച്ചു കിടക്കുകയാണോ?
അടുത്തെത്തുമ്പോള്‍ കൈയില്‍ പിടിച്ചു മാറിലേക്ക്‌ വലിച്ചടുപ്പിച്ചു ഉറക്കെ ചിരിക്കാന്‍.
.മുഖം മരവിച്ച ആ മുഖത്തെക്കടുപ്പിച്ചു..
ഇല്ല..
ചൂട് നിശ്വാസം കവിളത്ത് പതിക്കുന്നില്ല..
കൈയില്‍ സ്നേഹത്തിന്‍റെ ചൂട് തട്ടിച്ചു ആ കൈ മുറുകെ പിടിക്കുന്നില്ല..
പകരം ആ കൈകളില്‍ നിന്നും തണുപ്പ് തന്‍റെ കൈകളിലേക്ക് അരിച്ചിരങ്ങിയപ്പോള്‍ ഒരു ഞെട്ടലോടെ കൈകള്‍ പിന്‍വലിച്ചു..
പിന്നീട് എന്താണ് തന്നില്‍ നിന്നും ഉയര്‍ന്ന ഭാവങ്ങള്‍ എന്ന് ഇന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..
പിന്നില്‍ നിന്നും ഒരു ചൂളംവിളി ഉയര്‍ന്നപ്പോള്‍ ഓര്‍മകളില്‍ നിന്നുമുണര്‍ന്നു..
ഇത് പലതവണയായി പലരില്‍ നിന്നും അനുഭവപ്പെട്ടതാണ്..
അര്‍ത്ഥം വെച്ചുള്ള ഈ ചൂളംവിളി..
തിരിഞ്ഞു നോക്കിയില്ല..
ഇനിയും ഏറെ നടക്കണം മോന്‍റെ സ്കൂളില്‍ എത്താന്‍..
ഉച്ച സമയമായതു കൊണ്ട് ഓട്ടോ ഒന്നും കണ്ടില്ല..
അല്ലെങ്കില്‍ തന്നെ ഈ കുഗ്രാമത്തില്‍ ഒന്നോ രണ്ടോ ഓട്ടോ ഉണ്ട്..
അതിനായി ഏറെ നേരം നോക്കി നില്‍ക്കുന്നതിലും ഭേദം നടക്കുന്നതാണ്..
ഇപ്പോള്‍ നടക്കുമ്പോള്‍ ഓര്‍മ്മകള്‍ കൂട്ടിനായുണ്ട്..
അപ്പോള്‍ ഏട്ടന്‍ കൂടെ ഉണ്ടെന്നു തോന്നും..
ആ കൈകളില്‍ കൈകള്‍ കോര്‍ത്ത്‌ ഈ വഴികളിലൂടെയെല്ലാം നടന്നത് ഇന്നലെയെന്നതുപോലെ മുന്നില്‍ തെളിയുന്നു..
അന്ന് ചേട്ടാ എന്ന് വിളിച്ചു ഏട്ടനോട് ബഹുമാനത്തോടെ പെരുമാറിയ പലരും ഇന്ന് തന്നെ അര്‍ത്ഥം വെച്ച് നോക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊക്കെ തകര്‍ന്നുപോയി..
കുടുംബത്തിലെ തന്നെ കാരണവര്‍ സ്ഥാനത്തുള്ള തന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാള്‍ വളരെ മോശമായി സംസാരിച്ചപ്പോള്‍ പൊട്ടി കരയണമെന്നു തോന്നി..
പലതവണ അയാളില്‍ നിന്നും ശല്യം ഉണ്ടായപ്പോഴാണ് സഹോദരന്‍റെ ഭാര്യയോടു പറഞ്ഞത്..
പക്ഷെ അത് വലിയ ബഹളമായി..
ഒരിക്കലും മനസ്സില്‍ ഉദ്ദേശിക്കാത്ത രീതിയില്‍ അവര്‍ ആ വൃദ്ധനുമായി ചേര്‍ത്ത് തന്‍റെ പേരില്‍ കഥകള്‍ ഉണ്ടാക്കി സഹോദരന്‍റെ ചെവിയില്‍ മന്ത്രിച്ചു..
അങ്ങിനെ കുടുംബത്തില്‍ എല്ലാവരുടെയും കണ്ണിലെ കരടായി...
കൂടപ്പിറപ്പുകള്‍ കണ്ടാല്‍ മിണ്ടാതെയായി..
പലരും അടക്കം പറഞ്ഞു ചിരിക്കുന്നത് കണ്ടു..
ഹൃദയം പിളര്‍ന്നു പോകുന്ന വേദന ...
സഹിക്കുകയല്ലാതെ നിവൃത്തിയില്ല..
ഏട്ടന്‍റെ തത്സ്വരൂപമായ കണ്ണന്‍ ..
അവനില്ലായിരുന്നെങ്കില്‍ ഏതെങ്കിലുമൊരു ദുര്‍ബല നിമിഷത്തില്‍ ആത്മഹത്യ ചെയ്യുമായിരുന്നു..
അത്രയും ക്രൂരമായ മാനസിക പീഡനങ്ങള്‍ ആണ് നേരിടുന്നത്..
ഇന്നിപ്പോള്‍ മനസ്സിനൊരു ധൈര്യം വന്നിട്ടുണ്ട്..
പലപ്പോഴും ഒരു തണല്‍ വേണമെന്ന് തോന്നുംപോഴൊക്കെ ഏട്ടന്‍റെ ഫോട്ടോക്ക് മുന്നില്‍ പോയി നില്‍ക്കും..
ആ ചിരിക്കുന്ന മുഖം തന്നിലേക്ക് പകരുന്നത് വല്ലാത്തൊരു ആശ്വാസമാണ്..
ഈ ഭൂമിയില്‍ തനിക്കായി ലഭിക്കുന്ന ഏക സ്വാന്തനം അവിടുന്ന് മാത്രമാണ്..
എന്താണ് ഏറ്റവും വലിയ ദുഃഖം??
ദാരിദ്ര്യ ദുഃഖം എന്നാണ് ഇതുവരെ മനസ്സിലാക്കിയിരുന്നത്..
അതെ..
സ്നേഹത്തിന്‍റെ കാര്യത്തിലും ദാരിദ്ര്യം അനുഭവപ്പെട്ടാല്‍ അതിലും വലിയ ദുഖമില്ല. ..
കണ്ണന്‍.
.അവനാണ് പ്രതീക്ഷ..
പക്ഷെ ..
തളര്ന്നുവീഴുംപോള്‍ താങ്ങായി നിഴല്‍ മാത്രം..

2 comments: