Thursday, February 3, 2011

റാന്തല്‍ വിളക്ക്




ചുറ്റും കൂരാക്കൂരിരുട്ട്
ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം
കാറ്റില്‍ ഇളകുന്ന ഇലകളുടെ മര്‍മ്മരം
അകലെയല്ലാതെ ഒഴുകുന്ന പുഴയുടെ പൊട്ടിച്ചിരി..
മണ്ണെണ്ണ വിളക്കിന്‍റെ വെളിച്ചത്തില്‍ ആ അമ്മ
ചാണകം മെഴുകിയ ഉമ്മറപ്പടിയില്‍
ഉറക്കമിളച്ചു കാത്തിരുന്നു...
അതിരാവിലെ പുഴ കടന്നു പണിക്കുപോയ
ഭര്‍ത്താവിനെയും മക്കളെയും കാത്തു..
ഇടക്കെപ്പോഴോ ആകാശത്ത് ഒരു ഇടിമിന്നല്‍
അപ്പോള്‍ അവരുടെ നെഞ്ചിലും ഒരു കൊള്ളിയാന്‍ മിന്നി..
മലയില്‍ മഴപെയ്യുന്നുണ്ടാവുമോ?
പുഴയില്‍ ഒഴുക്ക് ശക്തമായോ?
കടത്തുകാരന്‍ വീട്ടില്‍ പോയിരിക്കുമോ?
വഴിയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിക്കാണുമോ?

ഒറ്റയാന്‍ കലിഇളകി നില്‍പ്പുണ്ടാവുമോ?
മലദൈവങ്ങളെ വിളിച്ചവര്‍ മനമുരുകി പ്രാര്‍ത്ഥിച്ചു ..
കാറ്റില്‍ പലതവണ,
കുപ്പിയില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച
വിളക്ക് അണഞ്ഞുപോയി..
അപ്പോഴൊക്കെ തീപ്പെട്ടി ഉരച്ചു ഉരച്ചു അവര്‍ക്ക് ദേഷ്യം വന്നു
ദൈവമേ..എന്നാണൊരു ചിമ്മിനി വിളക്ക് വാങ്ങാന്‍ കഴിയുക?
ആ ആധിയിലും അവര്‍ അതെക്കുറിച്ച് ആലോചിച്ചു..
പുഴ കടന്നു പണിക്കു പോയാല്‍
എന്നും പണിയുണ്ടാവില്ല
ചായ കുടിച്ചും ബീഡി വലിച്ചും ഉള്ള പൈസയും
ചിലപ്പോള്‍ കളഞ്ഞിട്ടാവും അവര്‍ വരിക..
അരി വാങ്ങാന്‍ പോലും മറന്നിട്ടുണ്ടാകും..
പക്ഷെ അന്തിയായാല്‍ കള്ള് മോന്താന്‍
അപ്പനും മക്കളും മറക്കില്ല..
കാട്ടു കിഴങ്ങും കായ്കളും ഉപ്പിട്ട് വേവിച്ചു
കാന്താരിയും പൊട്ടിച്ചു വിശപ്പടക്കുകയാണ് മിക്ക ദിവസവും..
കൂവയും,മഞ്ഞളും മറ്റും എത്ര കഷ്ട്ടപ്പെട്ടു കാട്ടില്‍ പോയി
ശേഖരിച്ചു കൊണ്ടുവന്നതാണ് .
കഷ്ട്ടപ്പെട്ടത്‌ മാത്രം മിച്ചം
അവര്‍ അത് നാട്ടില്‍ കൊണ്ടുപോയി വിറ്റു
കിട്ടുന്ന കാശ് ധൂര്തടിച്ചിട്ടു പോരും..
ഇങ്ങനെയൊക്കെ ചിന്തിച്ചിരിക്കുമ്പോള്‍ അകലെ
ഒരു വെളിച്ചം..
അപ്പനും മക്കളും ചൂട്ടും കത്തിച്ചുള്ള വരവാണ്..
ആ അമ്മ ആശ്വാസത്തോടെ നിശ്വസിച്ചു..
അല്ലല്ലോ..
ഇതൊരു വല്ലാത്ത വെളിച്ചമാണല്ലോ..
ചൂട്ടിനറെ വെട്ടമല്ല..
അടുത്ത് വരുന്തോറും പ്രകാശം കൂടിക്കൂടി വന്നു..
ദൂരെ നിന്നെ അപ്പനും മക്കളും ഉച്ചത്തില്‍
സംസാരിക്കുന്നത് കേള്‍ക്കാമായിരുന്നു..
കുടി കഴിഞ്ഞാല്‍ അങ്ങനെയാണ്..
ഉച്ചത്തിലെ സംസാരിക്കൂ..
ചിലപ്പോള്‍ പാട്ടായിരിക്കും..
അല്ലെങ്കില്‍ ആരെയെങ്കിലും ചീത്ത വിളിചിട്ടാവും വരിക ..
അമ്മ മുറ്റത്തേക്കിറങ്ങി..
ഇപ്പോള്‍ അവരെ വ്യക്തമായി കാണാം..
ഹായ്യി..കല്യാണത്തിനും,അടിയന്തിരങ്ങള്‍ക്കും
കത്തിച്ചു വെക്കുന്ന പോലത്തെ വിളക്ക്..
കണവന്‍ ദൂരെ നിന്നെ ആ വിളക്ക് ഉയര്‍ത്തിക്കാട്ടി
അവരുടെ മുഖത്തും ഒരു തിരി തെളിഞ്ഞു..
എത്ര നാളത്തെ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്..
ഒരു ചിമ്മിനി വിളക്ക്..റാന്തല്‍ വിളക്ക്...

4 comments:

  1. കണവന്‍ ദൂരെ നിന്നെ ആ വിളക്ക് ഉയര്‍ത്തിക്കാട്ടി
    അവരുടെ മുഖത്തും ഒരു തിരി തെളിഞ്ഞു..
    എത്ര നാളത്തെ ആഗ്രഹമാണ് സാധിച്ചിരിക്കുന്നത്..
    ........................................

    പറയാതെപോയ വരികള്‍ക്കുംകൂടി ആശംസകള്‍!!
    തുടരുക..

    ReplyDelete
  2. aashamsakalkku nandi..valare santhosham...joy..

    ReplyDelete