Friday, December 23, 2011

ഉപദേശങ്ങള്‍

ഓരോ തവണയും മുതുകത്ത് നീരുമായി അവള്‍ വരുമ്പോള്‍ അമ്മ ആശ്വസിപ്പിക്കും..നമ്മള്‍ പെണ്ണുങ്ങള്‍ ഇതൊക്കെ സഹിക്കണം മോളെ..വിധിയാണ്..തടുക്കുവാനാകില്ല..കല്ലുപ്പിട്ട ചൂടുവെള്ളം ആവി പിടിച്ചു തിരുംമുമ്പോള്‍ അമ്മ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..ഉള്ളതെല്ലാം വിറ്റു പെറുക്കി ആണ് നിന്നെ കെട്ടിച്ചയച്ചത്..ചക്ക ആണെങ്കില്‍ തുന്നി നോക്കാം..മനുഷ്യന്‍റെ മനസ്സ് തുറന്നു നോക്കാന്‍ പറ്റില്ലല്ലോ..എന്‍റെ കുഞ്ഞിനെ ഞാന്‍ പോന്നു പോലെ വളര്‍ത്തിയത് വല്ലവനും തല്ലി ചതക്കാന്‍ ആണല്ലോ ദൈവമേ...ഒടുവില്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ട് അവര്‍ എഴുന്നേറ്റു പോകും..

രണ്ടു ദിവസം കഴിഞ്ഞു ഒന്നുമറിയാത്ത പോലെ അയാള്‍ കയറി വരും..അപ്പോഴൊക്കെ അമ്മ സ്നേഹത്തോടെ അയാളോട് പറഞ്ഞു നോക്കി...എന്‍റെ മോളെ ഉപദ്രവിക്കല്ലേ മോനെ....അവള്‍ക്കു തല്ലു കൊള്ളാന്‍ ഇനി ആവതില്ല...കൈയിലിരുന്ന സിഗരറ്റ് ആഞ്ഞു ഊതി പുക വിട്ട് അയാള്‍ ഒന്നും മിണ്ടാതെ ബലിഷ്ടമായ ചുവടുകളോടെ പുറത്തേക്കിറങ്ങും..ബാഗും തൂക്കി പുറകെ ഇറങ്ങുവാന്‍ അമ്മ അപ്പോഴേക്കും അവളെ സജ്ജമാക്കിയിരിക്കും.. ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞു മൂലയ്ക്ക് കുത്തി ഇരുന്ന അവളെ ആണൊരുത്തന്‍ തുണക്ക് ഇല്ലെങ്കിലത്തെ ഭീകര അവസ്ഥ പറഞ്ഞു മനസ്സിലാക്കി അവളെ എങ്ങനെയെങ്കിലും അയാളുടെ കൂടെ പറഞ്ഞു വിടും..പോകുമ്പോഴെല്ലാം അമ്മയുടെ കൈയിലെ ചിട്ടി പിടിച്ച കാശ്,ഒരു തരി പൊന്ന് അങ്ങനെ എന്തെങ്കിലുമൊക്കെ അയാള്‍ അവളോട്‌ പറഞ്ഞു കൈക്കലാക്കി..ഇത്തവണ ഒന്നും കൊടുക്കുവാന്‍ അമ്മയുടെ പക്കല്‍ ഉണ്ടായിരുന്നില്ല..അയാള്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്‍റെ  കയര്‍ അഴിച്ചു..അവള്‍ അമ്മയെ നോക്കി...അമ്മ നെടുവീര്‍പ്പ് ഉതിര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല...അമ്മയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ആ പശു...


രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ക്കു നാട്ടില്‍ നിന്നും ഒരു അടുത്ത വീട്ടിലേക്കു വിളി വന്നു..അമ്മക്ക് കൂടുതലാണ്..എന്തുപറ്റി എന്ന് ചോദിക്കുന്നതിനു മുന്‍പേ ഉത്തരം വന്നു..അടുത്ത പാറ മടയില്‍ പണിക്കു പോയതാണ്..കാല്‍ വഴുതി വീണു..ചെറിയമ്മയുടെ വീട്ടില്‍ ആയിരുന്നു..ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ട്...

അവള്‍ ആരോടൊക്കെയോ കടം വാങ്ങി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളുടെ അവസ്ഥ അറിയാവുന്ന ബന്ധുക്കള്‍ അവളെ ആശ്വസിപ്പിച്ചു..എങ്കിലും അവളില്‍ നിന്നും ആ കുറ്റബോധം മാറിയില്ല..അന്ന് രാത്രിയും അയാള്‍ നന്നായി മദ്യപിച്ചു അവളെ ഉപദ്രവിക്കുവാന്‍ എത്തി..അവള്‍ക്കു എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു..ഉപദേശിക്കുവാന്‍ ഇനി അമ്മയില്ല...അവള്‍ സംഹാര രുദ്ര ആയി..എനിക്കിനി ഇങ്ങനെ ഒരു ആണിന്‍റെ തുണ വേണ്ട...ഇത് തുണയല്ല... നാശമാണ്..ഇനിയൊന്നും നശിക്കുവാനില്ല...എനിക്കിനി ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജയില്‍ ..അവള്‍ പുലമ്പി കൊണ്ടിരുന്നു....അയാള്‍ ഓടി അപ്രത്യക്ഷനാകും വരെ....

3 comments:

  1. ചക്ക 'തുന്നി' നോക്കുക എന്ന പ്രയോഗം എന്നെ കുട്ടിക്കാലത്തേക്ക്,ആ മലയോര ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.നന്ദി.

    ReplyDelete
  2. അതെ, ......ചക്ക ആണെങ്കില്‍ തുന്നി നോക്കാം.....മനുഷ്യന്‍റെ മനസ്സ് തുറന്നു നോക്കാന്‍ പറ്റില്ല!

    ReplyDelete