Friday, July 3, 2015

യാത്രാമൊഴി -കുമാരനാശാൻ

ഇനി യാത്ര പറഞ്ഞിടട്ടെ ഹാ !
ദിന സാമ്രാജ്യ പതേ !ദിവസ്പതേ !
അനിയന്ത്രിത ദീപ്തിയാം കതിർ -
ക്കനകാസ്ത്രാവൃതനാം ഭവാനു ഞാൻ .

സുസിതാംബരനായി വൃദ്ധനായ്
ബിസിനീതന്തു മരീചി കേശനായ്
ലസിത സ്മിതനായ ചന്ദ്രികാ -
ഭസിതസ്നാത !മൃഗാങ്ക !കൈതൊഴാം .

അതിഗാഡ തമസ്സിനെത്തുര -
ന്നെതിരെ രശ്മികൾ നീട്ടി ദൂരവേ
ദ്യുതി കാട്ടു മുഡു ക്കളെ !പരം
നതി നിങ്ങൾക്കതി മോഹനങ്ങളേ !

സ്വയമന്തിയിലും വെളുപ്പിലും
നിയതം ചിത്രവിരിപ്പു നെയ്തുടൻ
വിയദാലയ വാതിൽ മൂടുമെൻ -
പ്രിയ സന്ധ്യേ !ഭവതിക്കു വന്ദനം .

രമണീയ വനങ്ങളേ !രണൽ -
ഭ്രമര വ്യാകുലമാം സുമങ്ങളേ !
ക്രമമെന്നി രസിച്ചു നിങ്ങളിൽ
പ്രമദം പൂണ്ടവൾ യാത്ര ചൊൽവൂ ഞാൻ .

അതിരമ്യ ബഹിര്ജ്ജഗത്തൊടി -
ന്നഥവാ വേർ പിരിയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനു ചേരുമെൻ മനോ -
രഥ മിഭംഗി കളോടു മൈക്യമാം .

ജനയിത്രി !വസുന്ധരേ !പരം
തനയസ്നേഹമോടെന്നെയേന്തി നീ
തനതുജ്ജ്വല മഞ്ച ഭൂവിലേ -
ക്കനഘേ !പോവതു ഹന്ത !കാണ്മൂ ഞാൻ .

ഗിരി നിർത്ധര ശാന്തി ഗാനമ -
ദ്ദരിയിൽ കേട്ടു ശയിക്കുമങ്ങു ഞാൻ
അരികിൽ തരു ഗുല്മ സഞ്ചയം
ചൊരിയും പൂനിര നിത്യമെന്റെ മേൽ .

മുകളിൽ കള നാദമാർന്നിടും
വികിരശ്രേണി പറന്നു പാടിടും
മുകിൽ പോലെ നിരന്നു മിന്നുമ -
ത്തകടിത്തട്ടിൽ മൃഗങ്ങൾ തുള്ളിടും

അതുമല്ലയി !സാനുഭൂവിലെ -
പ്പുതു രത്നാവലി ധാതു രാശിയും
കുതുകം തരുമെന്നുമല്ലഹോ !
പൊതുവിൽ സർവ മതെന്റെയായിടും !

സസുഖം ഭവദങ്ക ശയ്യമേൽ
വസുധേ ,യങ്ങനെ ഞാൻ രമിച്ചിടും
സുസുഷ്പ്തിയിൽ -അല്ലയല്ലയെൻ
പ്രസുവേ !കൂപ്പിയുണർന്നു പോങ്ങിടും.

തടിനീ ജല ബിംബിതാങ്കിയായ്
ക്ഷമയെക്കുംബിടുവോരു താര പോൽ
സ്ഫുടമായ് ഭവദംഘ്രിലീന ഞാ -
നമലേ !ദ്യോവിലുയർന്ന ദീപമാം .

"പ്രിയ രാഘവ"!വന്ദനം ഭവാ -
ന്നുയരുന്നു ഭുജശാഖ വിട്ടു ഞാൻ
ഭയമറ്റു പറന്നു പോടിയാം
സ്വയമദ്യോവിലോരാശ്രയം വിനാ .

കനമാർന്നെഴു  മണ്ഡമണ്ഡലം
മെനെയും മണ്ണിവിടില്ല താഴെയാം
ദിനരാത്രികളറ്റു ശാന്തമാ -
മനഘ സ്ഥാന മിതാദി ധാമമാം .

രുജയാൽ പരിപക്വ സത്വനായ്
നിജ ഭാരങ്ങളൊഴിഞ്ഞു ധന്യയായ്‌
അജപൗത്ര !ഭവാനുമെത്തുമേ
ഭജമാനൈക വിഭാവ്യമിപ്പദം !"


                                                കുമാരനാശാൻ

2 comments: