Wednesday, July 1, 2015

കവിത -അടുത്തൂണ്‍ (ആലഞ്ഞാട്ടമ്മ )

പട്ടണമോടിക്കിതച്ചെന്റെ വാതിലിൽ വന്നു
മുട്ടി വാത്സല്യത്തോടെ  കുശലം ചോദിക്കുന്നു

അടുത്തൂണ്‍ പറ്റി സ്വന്തം ഗ്രാമത്തിലൊരു മാസം
മടുപ്പൻ  വൈചിത്ര്യ രാഹിത്യത്തിലുയിർത്തോനേ

ഇച്ചാരു കസേലയിൽ ഭൂതകാലാഹ്ലാദത്തി -
ന്നുച്ചിഷ്ടം നുണച്ചു കൊണ്ടിരിക്കും  പാവത്താനേ

മതിയായില്ലേ നിനക്കേകാന്ത നിദ്രാണത്വം ?
ഗതി മുട്ടിയ ഞാനൊരുത്തരം കണ്ടെത്തുന്നു

മുറ്റത്തു വർഷം തോറും വിടർന്നു വാടാറുള്ള
മുക്കൂറ്റി പ്പൂവിന്നിതളെത്ര യെന്നറിയാതെ

അമ്പത്തൊമ്പതു വർഷം കടന്നുപോയെന്നു ള്ളോ -
രമ്പരപ്പാണീ മുഹൂർത്തത്തി ലെന്നന്തർഭാവം

പറവൂ നിസ്സന്ദേഹമിന്നു ഞാൻ മുക്കൂറ്റിപ്പൂ
കരളിൽ ത്തുടുപ്പോലു മഞ്ചിതളുകള ത്രേ

പിന്നെയും മാസം രണ്ടു നീങ്ങവേ ,സുവിനീത -
മെന്നാത്മ സദനത്തിൽ സുപ്രഭാതത്തോടൊപ്പം

ജീപ്പിൽ വന്നിറങ്ങുന്നു നഗരം വീണ്ടും ,കാതിൽ -
കേൾപ്പൂ ഞാൻ :"ഇപ്പോളെന്തു ചെയ്‌വൂ നീ ജീവാത്മാവേ ?"

മൂന്നു മാസമായല്ലോ ഗ്രാമ ജീവിതത്തിന്റെ
മൂക വേദനയിങ്കൽ നീ മുങ്ങിക്കിടക്കുന്നു !

മടുത്തില്ലയോ നിനക്കേക താനത ?ഞാനോ ,
മനസ്സിൽ പ്പരക്കം പാഞ്ഞൊടുവിൽപ്പറയുന്നു :

മുക്ത കണ്ഠം ഞാനിന്നു ഘോഷിപ്പൂ നിസ്സന്ദേഹം
മുറ്റത്തെ നിലപ്പനപ്പൂവിനാറിതളത്രേ


                          അടുത്തൂണ്‍                                    ആലഞ്ഞാട്ടമ്മ 


No comments:

Post a Comment