Monday, June 11, 2012

ശൈശവം

ചേലെഴും ചെന്തൊണ്ടി ചുണ്ടില്‍ നുരയുന്ന
അമ്മിഞ്ഞ പാല്‍ കപ്പി ചിരി വിടര്‍ന്നു....
ചേല വലിച്ചിട്ടു മാറോടു ചേര്ത്തമ്മ
തെരു തെരെ മുത്തി ഇരു കവിളില്‍.....

കാലുകള്‍ നീട്ടി മെത്തയാക്കി പിന്നെ
വെന്തെണ്ണ തേച്ചു തടവി മെല്ലെ....
ഉണ്ണിക്കൈ വളരെന്ന് ഈണത്തില്‍ മൂളി...
ഉണ്ണിക്കാല്‍ വളരെന്നുഴിഞ്ഞുടച്ചു....

സ്വര്‍ണ്ണ നിറമെഴും മഞ്ഞള്‍ പൊടി തേച്ചു,
കാഞ്ഞ വെള്ളത്തില്‍ മെഴുക്കെടുത്തു....
ഉച്ചിയില്‍ രാസ്നാദി തേച്ചു പിടിപ്പിച്ചു..
ചാര്‍ത്തിച്ചു പൊന്നിന്‍ ഭൂഷണങ്ങള്‍ ....

പദ്മ ദളങ്ങള്‍ പോല്‍ ശോഭയെഴുന്നൊരു
മിഴികളിലന്ജനം ചാര്‍ത്തി പിന്നെ...
പുരികക്കൊടികളും ,കണ്മഷി പൂണ്ടു
കണ്ണു തട്ടാതെ പൊട്ടു കുത്തി....

ഇങ്കു കുറുക്കി വയര്‍ നിറച്ചു പിന്നെ
  താരാട്ടിന്‍ ശീലുകള്‍ മൂളി മെല്ലെ..
നിദ്ര തഴുകിയ മിഴികളില്‍ ചുംബിച്ചു
തൊട്ടിലിലാട്ടിയുറക്കി ചെമ്മേ...

വെക്കം കുളിച്ചു പുടവയുടുത്തമ്മ
കുഞ്ഞുമായ് ക്ഷേത്രത്തില്‍ പോകാനായി...
തൊട്ടിലില്‍ വന്നു കുനിഞ്ഞ നേരം കണ്ടു
ഉണര്‍ന്നു ചിരിക്കുന്ന കണ്മണിയെ...

വേഗത്തില്‍ കാര്യങ്ങള്‍ ചെയ്തപ്പോള്‍ കണ്മഷി
തൊട്ടിലില്‍ വെച്ചതും മറന്നുപോയി...
പിഞ്ചു വിരലാല്‍  കണ്മഷി വാരി ആ
പിഞ്ചു മുഖമാകെ തേച്ചു വെച്ചു ....

ചന്തത്തില്‍ ഒരുക്കിയ  കുഞ്ഞിനെ  എടുത്തൊന്നു
പോകാന്‍ കഴിയാത്ത ഇച്ചാ ഭംഗം
തുടുതുടെ എന്നുള്ള പിഞ്ചു തുടകളില്‍
നുള്ളി നോവിക്കുവാന്‍ തുനിഞ്ഞിതമ്മ..
പല്ലില്ലാ മോണകള്‍ കാട്ടി വെളുക്കനെ
പുഞ്ചിരി തൂകുന്ന ഓമനയെ
വാരിയെടുത്തമ്മ മുത്തങ്ങള്‍ നല്കീപ്പോ
അമ്മ മുഖത്തും കരി പടര്‍ന്നു.......ഒരു നല്ല
ചിരി വിടര്‍ന്നു....





Friday, May 18, 2012

അമ്മ

മാതൃ പാദങ്ങളില്‍ പൂജാ മലരായ്  
വീഴുവതിലും  ഭാഗ്യം എന്തുള്ളു മണ്ണില്‍?
ഗര്‍ഭ  പാത്രത്തില്‍ പത്തു മാസം ചുമന്നു 
ഊഴിയില്‍ പൈതല്‍  ജാതനാകും മുന്നേ....
ഭൂജാതനായാല്‍  സ്വന്തം സ്വപ്നങ്ങളില്‍ 
ചുമക്കുന്നു അവളവനെ    മരണം വരെ!!!!
ഈറ്റില്ലത്തില്‍ പ്രാണന്‍ പിടയുമ്പോഴും 
 പ്രാര്‍ത്ഥനയോടെ കേഴുന്നു കുഞ്ഞിനായി...
വേദനയെല്ലാം മറന്നു തന്‍ കുരുന്നിന്  
അമൃത്  ഏകുന്നു ആ   വരളുന്ന   ചുണ്ടുകളില്‍...
പൊക്കിള്‍ക്കൊടിയുടെ ബന്ധം മുറിയുമ്പോള്‍ 
മുറിയാത്ത  ബന്ധമായി മുറുകുന്നു സ്നേഹ  ബന്ധം...
അഴിയാത്ത  ബന്ധങ്ങള്‍ അഴിച്ചിടുവാന്‍ ,
മറവിയില്‍ എന്നേക്കുമായ്  തളച്ചിടുവാന്‍ 
കഴിയാത്ത  സ്നേഹ  നൊമ്പരത്തിന്‍ 
കാല്‍ക്കലെന്‍ അക്ഷര  പ്രണാമം...ആ...
ഓര്‍മ്മകള്‍ക്ക്  മുന്നില്‍ സാഷ്ടാങ്ക  നമസ്കാരം....



Wednesday, April 18, 2012

കടലാസ്സു പൂക്കള്‍ നിറങ്ങള്‍ വിതറുന്ന 
ഗന്ധമില്ലാത്തൊരെന്‍ പുഷ്പ്പവാടി...
ആമ്ബല്‍പ്പൂവുകള്‍ തിങ്ങിവളരുന്ന
പൊയ്കയില്‍ ചേര്‍തിങ്ങി, ജലപ്പരപ്പില്‍ 
പായല്‍ നിറഞ്ഞു പൂക്കള്‍ അനാഥമായി..


പരിമളം പരത്തി സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ 
ഇറങ്ങിത്തിരിച്ചൊരു പനിനീര്‍പ്പൂവും 
യാത്രാമൊഴി ചൊല്ലി പിരിഞ്ഞുപോകവേ 
പിന്നെയും ശൂന്യമായ് പൂക്കളെന്‍ വാടിയില്‍..


സൂര്യനെ നോക്കി തപം ചെയ്ത രണ്ടു 
പദ്മങ്ങള്‍ വിടര്‍ന്നു വീണ്ടുമൊരിക്കല്‍..
ഇന്ദ്രനീല വര്‍ണ്ണത്തില്‍ സ്നേഹദീപമായ്,
ശുഭ്ര വര്‍ണ്ണത്തില്‍ നിര്‍മ്മലയായ്....
കാവ്യദേവത സരസ്വതിക്കര്‍ച്ചിക്കാന്‍ 
അവ രണ്ടുമാരോ പിഴുതെടുത്തു.....


കണ്ണന്‍റെ കാഞ്ചന കാഞ്ചീ മണികള്‍ 
പുഷ്പങ്ങളായ് പൂക്കും കണിക്കൊന്നയില്‍ 
പൂത്തുവിടര്‍ന്ന സ്വര്‍ണ്ണ മണി പൂക്കള്‍ 
എപ്പോഴോ ചിരി തൂകി കടന്നുപോയി..


ശ്രീയെഴും തിരുമുറ്റം സൌരഭ്യമേകി
വനജ്യോത്സ്ന ഒരിക്കല്‍ പൂത്തുലഞ്ഞു..
ഒരു കുഞ്ഞുകാറ്റില്‍ ആ പൂക്കളെല്ലാം 
പൊഴിഞ്ഞു, വാടി വീണ്ടും ശൂന്യമായി...





ഇന്നിതാ എന്‍റെ പൂവാടി ശൂന്യമായി 
ഏതോ ഒരു കോണില്‍ ഇന്നും 
വാടാത്ത ഒരു കുഞ്ഞു ശിഖരം മാത്രം 
അതെന്‍റെ കടലാസ് റോസയല്ലോ







Thursday, January 12, 2012

രാധ

രാധ

പ്രണയം അന്നും ഇന്നും സ്ത്രീക്ക് സമ്മാനിക്കുന്നത് ദുഃഖം മാത്രമാണെന്നാണ് രാധാ കൃഷ്ണ പ്രണയത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്..കൃഷ്ണനെ അവതാര പുരുഷന്‍ എന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറ്റി നിര്‍ത്തി ചിന്തിച്ചാല്‍ ,ഒരു പാവം പെണ്‍കുട്ടിയെ പ്രണയത്തില്‍ പെടുത്തി ദു:ഖപുത്രി ആക്കി മാറ്റിയ ഒരാളായിട്ടെ കാണുവാന്‍ കഴിയൂ..തന്നെക്കാള്‍ പ്രായക്കൂടുതലുള്ള രാധയോടുള്ള പ്രണയം മാംസ നിബദ്ധമായിട്ടെ കരുതുവാന്‍ നിവൃത്തിയുള്ളൂ....ഗീതാഗോവിന്ദത്തില്‍ ഒഴികെ എവിടെയും രാധയെ ഒരു മുഖ്യ കഥാപാത്രമായി വര്‍ണ്ണിക്കുന്നില്ല..കൃഷ്ണന്‍റെ ബാല്യകാല സഖി എന്ന നിലയില്‍ മാത്രമേ രാധക്ക്സ്ഥാനം ഉള്ളൂ..

പിന്നീട് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് രാധയുടെ ജീവിതം കൃഷ്ണ ഭക്തിയില്‍ ഒതുങ്ങിയോ?അതോ ,രുഗ്മിണിയും ,സത്യഭാമയും കൃഷ്ണന്‍റെ ഭാര്യമാരായി വന്നപ്പോള്‍ രാധ അവരുടെ നിഴലായി മാറിയോ??
ഭക്തിയുടെ മറവില്‍ എന്ത് പേര് വിളിച്ചാലും എന്‍റെ ചിന്തകളില്‍ രാധ എന്നും ഒരു ദു:ഖപുത്രി  ആണ്.. പുരുഷന്‍റെ ഇന്ഗിതത്തിനു വഴങ്ങി ഒടുവില്‍ ജീവിതം നഷ്ടപ്പെട്ട ഒരു പ്രണയിനി...മൂല്ല്യമില്ലാതെ പോയ അനേകം സ്ത്രീ ജന്മങ്ങളുടെ മാതൃക...സ്നേഹത്താല്‍ ..സര്‍വ്വവും സമര്‍പ്പിച്ച ശേഷം പരിത്യജിക്കപ്പെട്ടവള്‍..

Friday, December 23, 2011

ഉപദേശങ്ങള്‍

ഓരോ തവണയും മുതുകത്ത് നീരുമായി അവള്‍ വരുമ്പോള്‍ അമ്മ ആശ്വസിപ്പിക്കും..നമ്മള്‍ പെണ്ണുങ്ങള്‍ ഇതൊക്കെ സഹിക്കണം മോളെ..വിധിയാണ്..തടുക്കുവാനാകില്ല..കല്ലുപ്പിട്ട ചൂടുവെള്ളം ആവി പിടിച്ചു തിരുംമുമ്പോള്‍ അമ്മ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു..ഉള്ളതെല്ലാം വിറ്റു പെറുക്കി ആണ് നിന്നെ കെട്ടിച്ചയച്ചത്..ചക്ക ആണെങ്കില്‍ തുന്നി നോക്കാം..മനുഷ്യന്‍റെ മനസ്സ് തുറന്നു നോക്കാന്‍ പറ്റില്ലല്ലോ..എന്‍റെ കുഞ്ഞിനെ ഞാന്‍ പോന്നു പോലെ വളര്‍ത്തിയത് വല്ലവനും തല്ലി ചതക്കാന്‍ ആണല്ലോ ദൈവമേ...ഒടുവില്‍ കണ്ണീര്‍ വാര്‍ത്തു കൊണ്ട് അവര്‍ എഴുന്നേറ്റു പോകും..

രണ്ടു ദിവസം കഴിഞ്ഞു ഒന്നുമറിയാത്ത പോലെ അയാള്‍ കയറി വരും..അപ്പോഴൊക്കെ അമ്മ സ്നേഹത്തോടെ അയാളോട് പറഞ്ഞു നോക്കി...എന്‍റെ മോളെ ഉപദ്രവിക്കല്ലേ മോനെ....അവള്‍ക്കു തല്ലു കൊള്ളാന്‍ ഇനി ആവതില്ല...കൈയിലിരുന്ന സിഗരറ്റ് ആഞ്ഞു ഊതി പുക വിട്ട് അയാള്‍ ഒന്നും മിണ്ടാതെ ബലിഷ്ടമായ ചുവടുകളോടെ പുറത്തേക്കിറങ്ങും..ബാഗും തൂക്കി പുറകെ ഇറങ്ങുവാന്‍ അമ്മ അപ്പോഴേക്കും അവളെ സജ്ജമാക്കിയിരിക്കും.. ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞു മൂലയ്ക്ക് കുത്തി ഇരുന്ന അവളെ ആണൊരുത്തന്‍ തുണക്ക് ഇല്ലെങ്കിലത്തെ ഭീകര അവസ്ഥ പറഞ്ഞു മനസ്സിലാക്കി അവളെ എങ്ങനെയെങ്കിലും അയാളുടെ കൂടെ പറഞ്ഞു വിടും..പോകുമ്പോഴെല്ലാം അമ്മയുടെ കൈയിലെ ചിട്ടി പിടിച്ച കാശ്,ഒരു തരി പൊന്ന് അങ്ങനെ എന്തെങ്കിലുമൊക്കെ അയാള്‍ അവളോട്‌ പറഞ്ഞു കൈക്കലാക്കി..ഇത്തവണ ഒന്നും കൊടുക്കുവാന്‍ അമ്മയുടെ പക്കല്‍ ഉണ്ടായിരുന്നില്ല..അയാള്‍ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്‍റെ  കയര്‍ അഴിച്ചു..അവള്‍ അമ്മയെ നോക്കി...അമ്മ നെടുവീര്‍പ്പ് ഉതിര്‍ത്തതല്ലാതെ ഒന്നും മിണ്ടിയില്ല...അമ്മയുടെ ഏക വരുമാന മാര്‍ഗ്ഗമായിരുന്നു ആ പശു...


രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അവള്‍ക്കു നാട്ടില്‍ നിന്നും ഒരു അടുത്ത വീട്ടിലേക്കു വിളി വന്നു..അമ്മക്ക് കൂടുതലാണ്..എന്തുപറ്റി എന്ന് ചോദിക്കുന്നതിനു മുന്‍പേ ഉത്തരം വന്നു..അടുത്ത പാറ മടയില്‍ പണിക്കു പോയതാണ്..കാല്‍ വഴുതി വീണു..ചെറിയമ്മയുടെ വീട്ടില്‍ ആയിരുന്നു..ഇപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ ഉണ്ട്...

അവള്‍ ആരോടൊക്കെയോ കടം വാങ്ങി അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു...അവളുടെ അവസ്ഥ അറിയാവുന്ന ബന്ധുക്കള്‍ അവളെ ആശ്വസിപ്പിച്ചു..എങ്കിലും അവളില്‍ നിന്നും ആ കുറ്റബോധം മാറിയില്ല..അന്ന് രാത്രിയും അയാള്‍ നന്നായി മദ്യപിച്ചു അവളെ ഉപദ്രവിക്കുവാന്‍ എത്തി..അവള്‍ക്കു എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു..ഉപദേശിക്കുവാന്‍ ഇനി അമ്മയില്ല...അവള്‍ സംഹാര രുദ്ര ആയി..എനിക്കിനി ഇങ്ങനെ ഒരു ആണിന്‍റെ തുണ വേണ്ട...ഇത് തുണയല്ല... നാശമാണ്..ഇനിയൊന്നും നശിക്കുവാനില്ല...എനിക്കിനി ഒന്നുകില്‍ മരണം അല്ലെങ്കില്‍ ജയില്‍ ..അവള്‍ പുലമ്പി കൊണ്ടിരുന്നു....അയാള്‍ ഓടി അപ്രത്യക്ഷനാകും വരെ....

Friday, December 16, 2011

അബദ്ധം

അന്ന് നല്ല മഴ ഉണ്ടായിരുന്നു...കുട പിടിച്ചിരുന്നെങ്കിലും ദേഹം മുഴുവന്‍ നനഞ്ഞു..ഇനി ഈ വേഷത്തില്‍ എങ്ങനെയാണു കല്യാണ വീട്ടില്‍ ചെന്ന് കയറുക??മുഖത്തു തേച്ചു പിടിപ്പിച്ച ചായക്കൂട്ടുകള്‍ ഇളകി ഒഴുകി ....ബോഡി ഫിറ്റില്‍ തയ്പ്പിചെടുത്ത പുതിയ ചുരിദാര്‍ ഇറുകെ ഒട്ടിച്ചേര്‍ന്നു ...ലെഗ്ഗിന്‍സ് ലെഗില്‍ തുണി ഒന്നും ഇല്ലെന്ന രീതിയിലും....സാരമില്ല ഹിന്ദി സിനിമയില്‍ നായിക എത്ര സെക്സി ആയി അഭിനയിക്കുന്നു....എന്തിനു മലയാളത്തില്‍ പോലും നായികമാര്‍ ഇല്ലേ??ഇങ്ങനെ ചിന്തിച്ചു പോകുന്ന വഴി ഒന്ന് രണ്ടു സ്ത്രീകള്‍ അവളെ അവജ്ഞയോടെ തുറിച്ചു നോക്കി..ഹും..കിഴവികള്‍ക്ക് അസൂയയാണ്..അവള്‍ മനസ്സില്‍ പറഞ്ഞു...എതിരെ വന്ന ഒരു പൂവാലന്‍ നീട്ടി ശൂളമടിച്ചു....അയാള്‍ തന്നില്‍ ആകൃഷ്ടനായെന്നു അഭിമാനത്തോടെ അവള്‍ ഓര്‍ത്തു.. വീണ്ടും എതിരെ വന്ന രണ്ടു ചെറുപ്പക്കാര്‍ അവളെ ഇമ വെട്ടാതെ നോക്കി...അവള്‍ വീണ്ടും അഭിമാനത്താല്‍ തല ഉയര്‍ത്തി നടന്നു..അവര്‍ പരസ്പരം പറഞ്ഞതെന്താണെന്ന് അവള്‍ കേട്ടില്ല...ഇതൊക്കെ കയറും പൊട്ടിച്ചു എവിടുന്നു വരുന്നെടെ??ഒരുത്തന്‍ മറ്റവനോടു ചോദിച്ചു..പോക്ക് കേസാടെ.. വിട്ടുകള...ചോദിക്കാനും പറയാനും വീട്ടില്‍ ആരും കാണത്തില്ല..അല്ലെങ്കില്‍ തന്തേം തള്ളേം ഇതിലപ്പുരമായിരിക്കും..അവര്‍ ഉറക്കെ ചിരിച്ചു...

പണ്ട് പ്ലസ് ടുവിന് ഒരുമിച്ചു പഠിച്ചതാണ്...ഒരേ ബഞ്ചില്‍ ഇരുന്നു പഠിച്ചവര്‍..വര്ഷം എത്ര കഴിഞ്ഞു..പിന്നീടു വെവ്വേറെ കോളേജില്‍ ആയിരുന്നു..ഇപ്പോള്‍ കല്യാണക്കുറി കിട്ടിയപ്പോഴാണ് അവളെ ഓര്‍ക്കുന്നത് പോലും..അത്ഭുതമായിരുന്നു...ഇപ്പോഴും അവള്‍ തന്നെ ഓര്‍ക്കുന്നെന്നോ??അതുകൊണ്ടാണ് പോകാം എന്ന് വെച്ചത്...കല്യാണം അകലെ ഏതോ അമ്പലത്തില്‍ വെച്ചാണ്..പാര്‍ട്ടിക്കാണ് ക്ഷണം..മഴ അല്‍പ്പം ശമിച്ചിരിക്കുന്നു..വീട്ടില്‍ വെച്ചാണ് പാര്‍ട്ടി..അവള്‍ വഴിയില്‍ കണ്ട ഒന്ന് രണ്ടു പേരോട് വീട് ചോദിച്ചു ....കല്യാണ വീടെന്നു ചോദിച്ചപ്പോള്‍ എല്ലാവര്ക്കും മനസ്സിലായി..അവര്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ നടന്നു...തനി നാട്ടിന്‍പുറം..കുന്നുകളും,കുണ്ടുകളും നിറഞ്ഞ സ്ഥലം...മഴ പെയ്തു വഴി എല്ലാം ചളിപിളി ആയിക്കിടക്കുന്നു....വില കൂടിയ ചെരുപ്പ് ഊരി കൈയില്‍ പിടിച്ചാണ് അവള്‍ നടന്നത്...കല്യാണ വീട്ടില്‍ നിന്നും വരുന്ന ആളുകള്‍ അവളെ വിചിത്ര ജീവിയെ എന്ന പോലെ നോക്കി...ചിലര്‍ അടക്കി ചിരിച്ചു..മൊത്തത്തില്‍ നിഴലടിക്കുന്ന ഫാഷന്‍ ഉടുപ്പിട്ട് ഒരു പരിഷ്ക്കാരി പെണ്ണ്...ഇരുകിപ്പിടിച്ച ഉടുപ്പ് കണ്ടു പല സ്ത്രീകളും ചൂളിപ്പോയി.. അവള്‍ അപ്പോഴും അഭിമാന പുളകിതയായി..

പട്ടണത്തില്‍ നിന്നും വന്ന പരിഷ്ക്കാരി പെണ്ണിനെ വീട്ടുകാര്‍ സ്വീകരിച്ചു..അകത്തെ ജനാലയില്‍ കൂടിയും,പുറത്തെ അലങ്കരിച്ച പന്തലിനുള്ളില്‍ നിന്നുമെല്ലാം കണ്ണുകള്‍ അവളെ പിന്തുടര്‍ന്നു... മഴ അലങ്കോലപ്പെടുത്തിയതിനാല്‍ പാര്‍ട്ടി നേരത്തെ കഴിഞ്ഞു വധൂവരന്മാര്‍ അകത്തു മുറിയില്‍ റസ്റ്റ്‌ എടുക്കുകയായിരുന്നു..ആരോ അവള്‍ക്കു കഴിക്കുവാന്‍ മസാല ദോശയും,വടയും,പായസവും എല്ലാം നല്‍കി..നല്ല വിശപ്പുണ്ടായിരുന്നു..എല്ലാ വിഭവങ്ങളും കഴിച്ചു..ഇടയ്ക്കു അവള്‍ പെണ്‍കുട്ടിയെ കണ്ടില്ലല്ലോ എന്ന് അന്വേഷിക്കുകയും ചെയ്തു...വധു വേഷം മാറി ഇപ്പോള്‍ വരും എന്ന് ആരോ പറഞ്ഞു...ഒടുവില്‍ കൈ കഴുകി ഉമ്മരത്തെത്തിയപ്പോള്‍ അവള്‍ വീണ്ടും സംശയത്തോടെ ചോദിച്ചു..അപ്പോള്‍  ചെറുക്കന്റെ വീട്ടിലെക്കല്ലേ കല്യാണം കഴിഞ്ഞു പോകേണ്ടത്..ചോദ്യത്തില്‍ എന്തോ പന്തികേട്‌ തോന്നിയ സ്ത്രീ അവളെ തുറിച്ചു നോക്കി..ഇതല്ലേ ചെറുക്കന്റെ വീട്..അവര്‍ മറുപടി പറഞ്ഞു..അപ്പോള്‍ സൌമ്യയുടെ വീടല്ലേ ഇത്??സൌമ്യയോ??അവര്‍ നെറ്റി ചുളിച്ചു..പെണ്‍കുട്ടിയുടെ പേര് ജിഷ എന്നാണ്..ഇത് കേട്ടുനിന്ന മറ്റൊരു സ്ത്രീ പെട്ടെന്ന് പറഞ്ഞു..അയ്യോ അത് ഈ വീടല്ല..സൌമ്യയുടെ വീട് കുറച്ചുകൂടി മുന്നോട്ടു പോണം...അതിന്റെ കല്യാണം കഴിഞ്ഞിട്ട് നാല് ദിവസമായല്ലോ..ഇന്ന് കൂട്ടിക്കൊണ്ടു വരുന്ന ദിവസമാണ് അവര്‍ പാര്‍ട്ടി വെച്ചത്..തനിക്കു പറ്റിയ അബദ്ധം അപ്പോഴാണ്‌ അവള്‍ക്കു മനസ്സിലായത്‌..കല്യാണ വീട് ഏതെന്നാണ് എല്ലാവരോടും താന്‍ തിരക്കിയത്..ഒരു വിധത്തില്‍ അവള്‍ അവിടെ നിന്നും ഇറങ്ങി...പിന്നില്‍ നിന്നും അടക്കി പിടിച്ച ചിരികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു...ആരോ ഉറക്കെ പറഞ്ഞു..വീട് തെറ്റി വന്നതാ...എന്നാലെന്താ നല്ലൊരു പാര്‍ട്ടി കൂടിയല്ലോ..

Saturday, February 19, 2011

തെരുവിലെ ഒരു അമ്മ







ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അരികിലൂടെ അവന്‍റെ കൈയും പിടിച്ചു നടക്കുമ്പോള്‍ ഒരു സ്വപ്നതിലെന്നപോലെയയിരുന്നു ഞങ്ങള്‍ രണ്ടുപേരും.
പുറമേ നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ല
നിരത്തിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളൊന്നും ഞങ്ങളെ അലോസരപ്പെടുത്തിയില്ല
എതിരെ വരുന്നവരും ഞങ്ങളെ ശ്രദ്ധിച്ചില്ല എല്ലാവരും തിരക്കിലാണ്.
ആര്‍ക്കും ആരെയും ശ്രദ്ധിക്കുവാന്‍ നേരമില്ല
എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലാണ്...
ഞാന്‍ ഈ നഗരത്തിലെതിയിട്ടു ദിവസങ്ങളെ
ആയിട്ടുള്ളൂ
സീമന്ത രേഖയില്‍ സിന്ദൂരം വീണു തുടങ്ങിയ ദിവസങ്ങള്‍
കണ്ണില്‍ കാണുന്നതെന്തിനും വല്ലാത്ത മനോഹാരിത..
നിറങ്ങള്‍ക്ക് കൂടുതല്‍ അഴക്‌ .
.പുലരിക്കു ഇതുവരെ ഇല്ലാത്ത ഭംഗിയും,തെളിമയും..
വീശുന്ന
കാറ്റിനുമുണ്ടോ സുഗന്ധം??


മനസ്സിലും മേനിയിലും സന്തോഷം പൂത്തുലഞ്ഞ ദിവസങ്ങള്‍..
.താമസിക്കുവാന്‍ ഒരു നല്ല വീട് കിട്ടാത്തത് ഇതിനിടയിലും ഒരു കല്ലുകടിയായി.
.ഒടുവില്‍ ഇടുങ്ങിയ ഒരു തെരുവിന്‍റെ ഓരത്ത് ഒരു ചെറിയ വീട് തരപ്പെട്ടു.
.സന്ധ്യായപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങുവാന്‍ പുതിയ ഗൃഹനാഥന്‍ പുറത്തുപോയി..
ചെറുതെങ്കിലും ഒരു വീട് കിട്ടിയതിന്‍റെ സന്തോഷം മനസ്സിലുണ്ടായിരുന്നു.
.പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ സൈക്ലുകള്‍ മണിയുതിര്‍ത്തു കടന്നുപോയി..
കഴുത
ചാണകം മണക്കുന്ന നിരത്തിലൂടെ എനിക്കറിയാത്ത ഭാഷയില്‍ നിരവധി ആളുകള്‍ ഒച്ചവെച്ചു നീങ്ങി.
.ഒറ്റയ്ക്ക് കാഴ്ചകള്‍ കണ്ടു നില്‍ക്കുവാന്‍ ഭയമൊന്നും തോന്നിയില്ല..
.ക്രമേണ തിരക്ക് കുറഞ്ഞു വന്നു...
എതിര്‍ വശത്ത് രണ്ടു പേര്‍ കൈക്കുഞ്ഞുങ്ങളുമായി മരച്ചുവട്ടില്‍ വന്നിരുന്നു..
കാഴ്ചയില്‍ ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രണ്ടുപേര്‍.
.സ്ത്രീ ഇടയ്ക്കിടെ കരയുന്ന കുഞ്ഞിനു സാരിത്തലപ്പു വലിച്ചിട്ടു മുലകൊടുത്തു.
.മുതിര്‍ന്ന പെണ്‍കുഞ്ഞു കരയുന്നുണ്ടായിരുന്നു.
.അഞ്ചോ ആറോ വയസ്സ് പ്രായം തോന്നിക്കുന്ന അവള്‍ എന്നെ നോക്കി ദയനീയമായ ആ നോട്ടത്തില്‍ ഞാന്‍ വല്ലാതെയായി.
.ഇടക്കെപ്പോഴോ കൂടെ ഉണ്ടായിരുന്ന പുരുഷന്‍ എഴുന്നേറ്റു പോയി..
അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ പെണ്‍കുട്ടിയെ ദേഷ്യത്തോടെ തള്ളിമാറ്റി കൈയിലിരുന്ന സിഗരറ്റ് ആഞ്ഞാഞ്ഞു വലിച്ചു പുകയുതിര്‍ത്തു അയാള്‍ നടന്നകന്നു.
.അയാള്‍ കണ്ണില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ സ്ത്രീ തന്‍റെ സാരിയുടെ തലപ്പഴിച്ചു ഒരു പൊതിയെടുത്തു..
.വേഗം പെണ്‍കുഞ്ഞിനു നേരെ നീട്ടി ..
അവള്‍ അത് തുറന്നു എന്തോ വാരി വലിച്ചു കഴിച്ചു..
അവള്‍
അത് കഴിച്ചു തീരുന്നതിനു മുന്‍പേ ദൂരെ നിന്നെ അയാള്‍ വരുന്നത് കണ്ടു..
പെട്ടെന്ന്
ആ സ്ത്രീ കുട്ടിയുടെ കൈയില്‍ നിന്നും ഭക്ഷണ പൊതി തട്ടി എടുത്തു ചുരുട്ടിക്കൂട്ടി ദൂരേക്ക്‌ വലിച്ചെറിഞ്ഞു കളഞ്ഞു...
പെണ്‍കുട്ടി
ആര്‍ത്തിയോടെ കൈവിരലുകള്‍ നുണയുന്നത് കണ്ടു അവര്‍ സാരിത്തലപ്പുകൊണ്ട് അവളുടെ കൈകള്‍ തുടച്ചു..
അയാള്‍
അടുതെത്തി..കൂടെ മറ്റൊരു പുരുഷനുമുണ്ടായിരുന്നു...അവര്‍ എന്തൊക്കെയോ ഉച്ചതിലുച്ചതില്‍ സംസാരിച്ചു...
ഇടയ്ക്കിടെ
സ്ത്രീയുടെ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യന്‍ നിഷേധാര്‍ത്ഥത്തില്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു ..
എല്ലാം
കണ്ടു നിസ്സങ്ങതയോടെ ഇരുന്ന സ്ത്രീ കൈയിലിരുന്ന കുഞ്ഞിനെ ഉറക്കി ഒരു തുണി വിരിച്ചു നിലത്തു കിടത്തി...
കൂടെ വന്നയാള്‍ ഇടയ്ക്കിടയ്ക്ക് കുഞ്ഞു പെണ്‍കുട്ടിയെ പിടിച്ചു വലിച്ചു..
അപ്പോഴൊക്കെ
ആ സ്ത്രീ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ട് അയാളുടെ കൈകള്‍ കുഞ്ഞില്‍ നിന്നും വിടുവിച്ചു..
ഒന്ന്
രണ്ടു തവണ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യനെ അവര്‍ തല്ലുവാന്‍ ചെന്നു..
അപ്പോള്‍ അയാള്‍ അവരുടെ മുഖത്ത് ആഞ്ഞടിച്ചു...
അവര്‍
വേച്ചുപോയി..

ഒടുവില്‍ കൂടെ വന്നയാളുടെ കൂടെ സ്ത്രീ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു..
അപ്പോഴാണ്‌
അവിടെ നടന്നത് എന്താണെന്ന് എനിക്ക് ഏകദേശം ധാരണ ഉണ്ടായത്..
അവര്‍
ഇരുട്ടില്‍ മറഞ്ഞപ്പോള്‍ ഭര്‍ത്താവെന്നു തോന്നിച്ചയാല്‍ എളിയില്‍ നിന്നും ഒരു കുപ്പി എടുത്തു ...
പെട്ടെന്നാണ്
അയാള്‍ എന്നെ കണ്ടത്...
ഇതെല്ലാം ഞാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു എന്നയാള്‍ക്ക് ബോധ്യമായി..
എന്തൊക്കെയോ
ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ എനിക്ക് നേരെ കൈ വീശി...
വീണ്ടും വരുവാന്‍ ആണ്ഗ്യം കാണിച്ചപ്പോള്‍ ഞാന്‍ വേഗം പേടിച്ചു അകത്തുകയറി വാതിലടച്ചു...
തുറന്നിട്ട
ജാലകത്തിലൂടെ കര്‍ട്ടന്‍ അല്പം മാറ്റി ഞാന്‍ രംഗം വീണ്ടും വീക്ഷിച്ചു...
അയാള്‍ അവിടെ ഇരുന്നു മദ്യപിക്കുകയാണ്...
ഇടക്കെപ്പോഴോ ഉറങ്ങിക്കിടന്ന കുഞ്ഞെഴുന്നേറ്റു കരഞ്ഞു..
അപ്പോള്‍
അയാള്‍ അതിനെ തല്ലി...
കുഞ്ഞ് ഒന്നുകൂടെ ഉച്ചത്തില്‍ കരഞ്ഞു...
കൂടെ
ഉണ്ടായിരുന്ന പെണ്‍കുട്ടി ഓടിവന്നു അതിനെ വാരി എടുത്തുകൊണ്ടു ഇരുളില്‍ മറഞ്ഞു..
അയാള്‍ ദേഷ്യത്തോടെ മദ്യക്കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു..
.ഇതിനിടയില്‍ സ്ത്രീയും പുരുഷനും തിരിച്ചെത്തി...
അപ്പോള്‍ ദൂരെനിന്നും പെണ്‍കുട്ടിയും,കുഞ്ഞും അവരുടെ സമീപത്തേക്ക് വന്നു..
അമ്മ
കുഞ്ഞിനെ വാങ്ങി മാറോടു ചേര്‍ത്തു...
പോകുന്നതിനു
മുന്‍പ് കൂടെ വന്ന പുരുഷന്‍ സ്ത്രീയുടെ മടിയിലേക്ക്‌ എന്തോ വലിച്ചെറിഞ്ഞു കൊടുത്തു..
ഭര്‍ത്താവ്
അതുകണ്ട് ഓടി വന്നു..
സ്ത്രീയുടെ
കൈയില്‍ നിന്നും ബലപ്രയോഗത്തിലൂടെ അയാള്‍ ആ നോട്ടുകള്‍ വാങ്ങി നടന്നകന്നു...
ഇരു
കൈകളും തലയില്‍ താങ്ങി ആ സ്ത്രീ കുറച്ചു നേരം ഇരുന്നു..
പിന്നീട് അയാള്‍ പോയ വഴിയിലേക്ക് നോക്കി ഉറക്കെ ഉറക്കെ എന്തൊക്കെയോ പറഞ്ഞു...
ഒടുവില്‍ എഴുന്നേറ്റു കുട്ടികളെയും കൊണ്ട് ഇരുട്ടിലേക്ക് അവരും മറഞ്ഞു....
കുറെ നേരം ആ ജാലകതിന്നരികില്‍ ഞാന്‍ നിശ്ചലയായി ഇരുന്നു...
ഇങ്ങനേയും കുറെ ജീവിതങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുന്ടെന്ന സത്യം പൊള്ളിക്കുന്ന ഒരോര്‍മ്മയായി...ഇന്നും...