
അന്ന് അവന്‍റെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരിമിച്ചുദിച്ചതുപോലെ സന്തോഷത്തിന്‍ പൂത്തിരി കത്തി.. ഏറെ നാളുകള്‍ക്കു ശേഷം ഒന്ന് പുറത്തുപോകാന്‍ അനുവാദം കിട്ടിയിരിക്കുന്നു.. അതും കാര്‍ത്തിക വിളക്കിനു അമ്പലത്തില്‍ പോകാന്‍..

അവന്‍ ഓടി ചായ്പ്പില്‍ ചെന്ന് കിടന്നിരുന്ന പായ മടക്കി വെച്ചതിന്‍റെ ചുവട്ടില്‍ ഭദ്രമായി സൂക്ഷിച്ചിരുന്ന ട്രൌസര്‍ എടുത്തു.. അയയില്‍ ഇട്ടിരുന്ന പിന്നിയ തുവര്‍തുമെടുത്തു കുളത്തിലെക്കോടി.. കുളത്തിന്‍റെ കരയില്‍ നിന്ന പേരയുടെ കൊമ്പില്‍ ഓടിക്കയറി.... അവിടുന്ന് ഒറ്റ ചാട്ടം.. തല തുവര്‍ത്തി എന്ന് വരുത്തി.. കരയില്‍ വെച്ചിരുന്ന ട്രൌസര്‍ എടുത്തിട്ടു.. നേരെ പശു തൊഴുത്ത് ലകഷ്യമാക്കി ഓടി.. പുല്ലു മേഞ്ഞ തൊഴുത്തിന്റെ മുകളില്‍ ഇട്ടിരുന്ന സൈക്കിള്‍ ടയര്‍ ഒരു കംബെടുത്തു തോണ്ടി എടുത്തു.. തോണ്ടാന്‍ എടുത്ത കമ്പ് ഒടിച്ചു ഒരു കഷ്ണം കൈയില്‍ എടുത്തു.. ടയര്‍ ഉരുട്ടി അവന്‍ അമ്പലം ലകഷ്യമാക്കി നടന്നു... ഉച്ച സമയമായതിനാല്‍ തിരക്കില്ല.. ഹായ്.. അമ്പലപ്പറമ്പ് നിറയെ പെട്ടിക്കടക്കാര്‍... പല നിറങ്ങളിലുള്ള കുപ്പി വളകള്‍..കളിപ്പാട്ടങ്ങള്‍..പന്തുകള്‍..മാലകള്‍.... അവന്‍ എല്ലാം നടന്നു കണ്ടു.. കൂട്ടത്തില്‍ വട്ടുരുട്ടുമ്പോള്‍ പീ പീ എന്ന് ശബ്ദമുണ്ടാക്കാനും മറന്നില്ല... അപ്പോള്‍ ഒരു ഐസ് കാരന്‍ സൈക്ലില്‍ മണിയടിച്ചു അതിലെ വന്നു.. കുട്ടികള്‍ അയാള്‍ക്ക് ചുറ്റും ഓടിക്കൂടി .. ഓരോരുത്തരായി മഞ്ഞ,ചുവപ്പ്,വെള്ള നിറങ്ങളിലുള്ള കോലില്‍ കുത്തിനിര്‍ത്തിയ തണുത്ത ഐസ് നുണഞ്ഞു അവനെ കടന്നു പോയി... അവനും ഒരു ഐസ് മിട്ടായി വാങ്ങണം എന്ന് തോന്നി.. ഒന്നുമില്ലെന്ന് അറിയാമെങ്കിലും വെറുതെ ട്രൌസേറിന്റെ പോക്കറ്റില്‍ കൈകള്‍ പരതി... തുന്നല്‍ വിട്ട പോക്കെടിന്റെവശങ്ങളിലൂടെ കൈകള്‍ പുറത്തു വന്നു.. പെട്ടെന്നാണ് അവനു സംശയം തോന്നിയത്.. വേറെ എവിടെയെങ്കിലും കീറിയിട്ടുണ്ടാകുമോ? അപ്പുറത്തെ ആളില്ലാത്ത ഒരു മരച്ചുവട്ടില്‍ മാറിനിന്നു അവന്‍ ട്രൌസര്‍ പരിശോധിച്ചു.. ഹോ.. സമാധാനം..വേറെ എങ്ങും കീറിയിട്ടില്ല.. അപ്പോഴും ഒരു ഐസ് മിട്ടായി വേണമെന്ന് അവന്‍റെ പൊരിവെയിലില്‍ വിയര്‍ത്ത ശരീരത്തിനുള്ളില്‍ ഇരുന്നു ഇളം മനസ്സ് ആഗ്രഹിച്ചു.. അവന്‍റെ ഇങ്ഗിതം മനസ്സിലാക്കിയതുപോലെ സൈക്കിള്‍ കാരന്‍ അവനെ കൈകാട്ടി വിളിച്ചു.. നീ പോയി ഒരു കെട്ട് ബീഡി വാങ്ങി വാ.. പോക്കറ്റില്‍ നിന്നും ഒരു തുട്ടെടുത്തു കൊടുത്തു അയാള്‍ പറഞ്ഞു.. അവന്‍ അത് വാങ്ങി വട്ടുരുട്ടി നേരെ കടയിലെക്കോടി.. വാങ്ങികൊടുത്ത ബീടിക്കെട്ടിനു പകരം അയാള്‍ അവനൊരു ഐസ് മിട്ടായി കൊടുത്തു. വെയിലേറ്റു കരുവാളിച്ച മുഖം ഒരു നിമിഷം കൊണ്ട് സന്തോഷത്താല്‍ ചുമന്നു തുടുത്തു.. അത് കണ്ടിട്ടാവണം അപ്പുറത്തിരുന്ന ഒരു തമിഴ് മിട്ടായി വില്പ്പനക്കാരി അവനു ഒരു മിട്ടായി കൊടുത്തു.. വെളുത്ത ചോക്കില്‍ നീളതിലായി നിറങ്ങള്‍ പൂശിയ മിട്ടായി.. അവന്‍ തിരിഞ്ഞു നടക്കുമ്പോള്‍ അവര്‍ പറയുന്നത് കേട്ടു.. പാവം തെണ്ടി ചെക്കന്‍.. ദീപാരാധനക്ക് ആളുകള്‍ വന്നു തുടങ്ങി.. ഇടക്കൊരു തവണ വട്ടുരുണ്ട് പോയതെടുക്കുമ്പോള്‍ ഒരു മാന്ന്യന്‍ ആക്രോശിച്ചു.. മാറി നിക്കെടാ തെണ്ടി ചെക്കാ.. കുട്ടികള്‍ അവരുടെ അച്ഛനമ്മമാരുടെ കൂടെ മിന്നുന്ന ഉടുപ്പൊക്കെ ഇട്ടു വന്നു കൈനിറയെ കളിപ്പാട്ടങ്ങളുമായി മടങ്ങുന്നത് അവന്‍ നോക്കി നിന്നു.. എവിടെയാണ് എന്‍റെ അച്ഛനുമമ്മയും? അന്നാദ്യമായി അവന്‍ അതോര്‍തെടുക്കാന്‍ ശ്രമിച്ചു.. ഓര്‍മകളില്‍ അവ്യക്തമായി ഒരു ചെറു കുടില്‍ തെളിഞ്ഞു.. കുടിലിനരികിലായി ആര്‍ത്തിരമ്പുന്ന കടലും.. ആ കുടിലിനുള്ളില്‍ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞിരുന്ന സ്ത്രീ ആയിരിക്കണം അമ്മ.. പുറത്തുനിന്നു വലിയ ശബ്ദത്തില്‍ അലറുന്ന ആളായിരുന്നിരിക്കണം അച്ഛന്‍.. ഒരു ദിവസം തന്നെ കരയിലിരുത്തി കടലിലേക്കിറങ്ങി പോകുന്ന സ്ത്രീ രൂപം അവന്‍റെ ഓര്‍മയിലുണ്ട്.. പിന്നെ ആരോ കൂട്ടിക്കൊണ്ടുപോയി .. ഒരു കുടിലില്‍ താമസിപ്പിച്ചു... അവിടെനിന്നും വൈകാതെ പുറത്തായി.. പിന്നെ നടന്നു.. ഒടുവില്‍ വിശന്നു ചെന്ന തനിക്കു ചോറും,കിടക്കാന്‍ പായും തന്ന സ്ഥലത്താണ് ഇപ്പോള്‍.. അവിടുത്തെ പണികള്‍ ചെയ്യണം.. വെള്ളം കോരണം,പശുക്കുട്ടിയെ കുളിപ്പിക്കണം,മാറ്റി കെട്ടണം,മീര മോളെ സ്കൂളില്‍ കൊണ്ട് പോണം,കൊണ്ട് വരണം,അവള്‍ക്കും,അച്ഛനും ഉച്ചക്ക് ചോറ് കൊണ്ടുക്കൊടുക്കണം..അങ്ങനെ അങ്ങനെ.. എന്നാലും അവനു സന്തോഷായി.. നിറയെ ഭക്ഷണം കിട്ടും.. അപ്പോഴാണ് അമ്പലത്തിലേക്ക് മീരമോളും,അച്ഛനും,അമ്മയും വരുന്നത് കണ്ടത്.. മീരമോളുടെ അമ്മ അവനെ കണ്ടതും ദേഷ്യത്തോടെ പറഞ്ഞു.. എടാ..എത്ര നേരായി നീ പോന്നിട്ട്..ചെല്ല്..ചെന്ന് കിടാവിനെ അഴിച്ചു തൊഴുത്തില്‍ കെട്ട്..പിന്നെ അരിയാട്ടാനുണ്ട്..വേഗം ചെല്ല്.. അവന്‍ തലയാട്ടി.. മീരമോളും,അച്ഛനും,അമ്മയും അമ്പലത്തിനകത്തേക്ക് പോയി.. അപ്പോള്‍ അടുത്ത് ഇതെല്ലാം കേട്ട് നിന്ന ഒരു കടക്കാരന്‍ വാത്സലല്യ പൂര്‍വ്വം ചോദിച്ചു.. എന്താ മോന്‍റെ പേര്? അവന്‍ വിടര്‍ന്ന കണ്ണുകളോടെ അയാളെ നോക്കി.. ഇത്രയും നാളുകളായിട്ടും ആരും അവനെ ഇത്ര സ്നേഹത്തോടെ വിളിച്ചിട്ടില്ല.. മീരമോളെ അങ്ങനെ വിളിക്കുമ്പോള്‍ ഒരു തവണ എങ്കിലും തന്നെ മോനെ എന്നൊന്ന് ആരെങ്കിലും വിളിച്ചു കേള്‍ക്കാന്‍ അവന്‍ ആഗ്രഹിച്ചിട്ടുണ്ട്.. എന്താ പേര്? അയാള്‍ വീണ്ടും ചോദിച്ചു.. അവന്‍ ഓര്‍ത്തു..എന്താ എന്‍റെ പേര്? എടാ,പോടാ,വാടാ എന്നൊക്കെയാണ് എല്ലാരും വിളിക്കുന്നത്.. ഇതിനിടയില്‍ തനിക്കൊരു പേരുണ്ടോ എന്നുപോലും അവന്‍ ഓര്‍ത്തിട്ടില്ല.. പെട്ടെന്നാണ് മിട്ടായി തന്ന തമിഴത്തി പറഞ്ഞത് അവന്‍ ഓര്‍ത്തത്..പാവം തെണ്ടി ചെക്കന്‍... അവന്‍ അയാളോട് പറഞ്ഞു.. തെണ്ടി ചെക്കന്‍... ഇത്രയും പറഞ്ഞു വീണ്ടും വട്ടുരുട്ടി അവന്‍ മീരമോളുടെ വീട്ടിലേക്കോടി.. അവിടെ അവനായി കാത്തിരിക്കുന്ന ജോലികള്‍ തീര്‍ക്കാന്‍.. പീ പീ എന്ന ശബ്ദത്തിന്‍റെ കൂടെ ,തനിക്കു വീണു കിട്ടിയ പുതിയ പേരും ഇടയ്ക്കിടെ ആവര്‍ത്തിച്ചു.. തെണ്ടി ചെക്കന്‍..
ithum valare nallathu. pakshe photo ithu cherukayilla. oru nadan padamanu kodukkendathu
ReplyDeletethanks ....
ReplyDelete