

ഒഴുകി നീങ്ങുന്ന വാഹനങ്ങള്‍ക്ക് അരികിലൂടെ അവന്റെ കൈയും പിടിച്ചു നടക്കുമ്പോള്‍ ഒരു സ്വപ്നതിലെന്നപോലെയയിരുന്നു ഞങ്ങള്‍ രണ്ടുപേരും.പുറമേ നടക്കുന്ന കോലാഹലങ്ങള്‍ ഒന്നും കാണുന്നുണ്ടായിരുന്നില്ലനിരത്തിലെ കാതടപ്പിക്കുന്ന ശബ്ദങ്ങളൊന്നും ഞങ്ങളെ അലോസരപ്പെടുത്തിയില്ല എതിരെ വരുന്നവരും ഞങ്ങളെ ശ്രദ്ധിച്ചില്ല എല്ലാവരും തിരക്കിലാണ്.ആര്‍ക്കും ആരെയും ശ്രദ്ധിക്കുവാന്‍ നേരമില്ല
എന്തിനോ വേണ്ടിയുള്ള പരക്കം പാച്ചിലാണ്...ഞാന്‍ ഈ നഗരത്തിലെതിയിട്ടു ദിവസങ്ങളെ
ആയിട്ടുള്ളൂസീമന്ത രേഖയില്‍ സിന്ദൂരം വീണു തുടങ്ങിയ ദിവസങ്ങള്‍
കണ്ണില്‍ കാണുന്നതെന്തിനും വല്ലാത്ത മനോഹാരിത..നിറങ്ങള്‍ക്ക് കൂടുതല്‍ അഴക് ..പുലരിക്കു ഇതുവരെ ഇല്ലാത്ത ഭംഗിയും,തെളിമയും..വീശുന്ന കാറ്റിനുമുണ്ടോ സുഗന്ധം??
മനസ്സിലും മേനിയിലും സന്തോഷം പൂത്തുലഞ്ഞ ദിവസങ്ങള്‍...താമസിക്കുവാന്‍ ഒരു നല്ല വീട് കിട്ടാത്തത് ഇതിനിടയിലും ഒരു കല്ലുകടിയായി..ഒടുവില്‍ ഇടുങ്ങിയ ഒരു തെരുവിന്റെ ഓരത്ത് ഒരു ചെറിയ വീട് തരപ്പെട്ടു..സന്ധ്യായപ്പോള്‍ വീട്ടുസാധനങ്ങള്‍ വാങ്ങുവാന്‍ പുതിയ ഗൃഹനാഥന് പുറത്തുപോയി..ചെറുതെങ്കിലും ഒരു വീട് കിട്ടിയതിന്റെ സന്തോഷം മനസ്സിലുണ്ടായിരുന്നു..പൊട്ടിപ്പൊളിഞ്ഞ ടാറിട്ട റോഡിലൂടെ സൈക്ലുകള്‍ മണിയുതിര്‍ത്തു കടന്നുപോയി..കഴുത ചാണകം മണക്കുന്ന നിരത്തിലൂടെ എനിക്കറിയാത്ത ഭാഷയില്‍ നിരവധി ആളുകള്‍ ഒച്ചവെച്ചു നീങ്ങി..ഒറ്റയ്ക്ക് കാഴ്ചകള്‍ കണ്ടു നില്ക്കുവാന് ഭയമൊന്നും തോന്നിയില്ല...ക്രമേണ തിരക്ക് കുറഞ്ഞു വന്നു...എതിര് വശത്ത് രണ്ടു പേര് കൈക്കുഞ്ഞുങ്ങളുമായി മരച്ചുവട്ടില്‍ വന്നിരുന്നു.. കാഴ്ചയില്‍ ദമ്പതികള്‍ എന്ന് തോന്നിക്കുന്ന രണ്ടുപേര്‍..സ്ത്രീ ഇടയ്ക്കിടെ കരയുന്ന കുഞ്ഞിനു സാരിത്തലപ്പു വലിച്ചിട്ടു മുലകൊടുത്തു..മുതിര്‍ന്ന പെണ്കുഞ്ഞു കരയുന്നുണ്ടായിരുന്നു..അഞ്ചോ ആറോ വയസ്സ് പ്രായം തോന്നിക്കുന്ന അവള് എന്നെ നോക്കി ദയനീയമായ ആ നോട്ടത്തില്‍ ഞാന്‍ വല്ലാതെയായി..ഇടക്കെപ്പോഴോ കൂടെ ഉണ്ടായിരുന്ന പുരുഷന് എഴുന്നേറ്റു പോയി..അയാളുടെ കാലില്‍ കെട്ടിപ്പിടിച്ചു കരഞ്ഞ പെണ്‍കുട്ടിയെ ദേഷ്യത്തോടെ തള്ളിമാറ്റി കൈയിലിരുന്ന സിഗരറ്റ് ആഞ്ഞാഞ്ഞു വലിച്ചു പുകയുതിര്‍ത്തു അയാള്‍ നടന്നകന്നു..അയാള്‍ കണ്ണില്‍ നിന്നും അപ്രത്യക്ഷമായപ്പോള്‍ സ്ത്രീ തന്റെ സാരിയുടെ തലപ്പഴിച്ചു ഒരു പൊതിയെടുത്തു...വേഗം പെണ്‍കുഞ്ഞിനു നേരെ നീട്ടി ..അവള് അത് തുറന്നു എന്തോ വാരി വലിച്ചു കഴിച്ചു..അവള് അത് കഴിച്ചു തീരുന്നതിനു മുന്‍പേ ദൂരെ നിന്നെ അയാള്‍ വരുന്നത് കണ്ടു..പെട്ടെന്ന് ആ സ്ത്രീ കുട്ടിയുടെ കൈയില്‍ നിന്നും ഭക്ഷണ പൊതി തട്ടി എടുത്തു ചുരുട്ടിക്കൂട്ടി ദൂരേക്ക് വലിച്ചെറിഞ്ഞു കളഞ്ഞു...പെണ്‍കുട്ടി ആര്‍ത്തിയോടെ കൈവിരലുകള്‍ നുണയുന്നത് കണ്ടു അവര്‍ സാരിത്തലപ്പുകൊണ്ട് അവളുടെ കൈകള്‍ തുടച്ചു..അയാള്‍ അടുതെത്തി..കൂടെ മറ്റൊരു പുരുഷനുമുണ്ടായിരുന്നു...അവര്‍ എന്തൊക്കെയോ ഉച്ചതിലുച്ചതില്‍ സംസാരിച്ചു...ഇടയ്ക്കിടെ സ്ത്രീയുടെ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യന് നിഷേധാര്‍ത്ഥത്തില്‍ കൈകള്‍ വീശുന്നുണ്ടായിരുന്നു ..എല്ലാം കണ്ടു നിസ്സങ്ങതയോടെ ഇരുന്ന സ്ത്രീ കൈയിലിരുന്ന കുഞ്ഞിനെ ഉറക്കി ഒരു തുണി വിരിച്ചു നിലത്തു കിടത്തി... കൂടെ വന്നയാള്‍ ഇടയ്ക്കിടയ്ക്ക് കുഞ്ഞു പെണ്‍കുട്ടിയെ പിടിച്ചു വലിച്ചു..അപ്പോഴൊക്കെ ആ സ്ത്രീ എന്തൊക്കെയോ ഉറക്കെ പറഞ്ഞുകൊണ്ട് അയാളുടെ കൈകള്‍ കുഞ്ഞില്‍ നിന്നും വിടുവിച്ചു..ഒന്ന് രണ്ടു തവണ ഭര്‍ത്താവെന്നു തോന്നിച്ച മനുഷ്യനെ അവര്‍ തല്ലുവാന്‍ ചെന്നു..അപ്പോള്‍ അയാള്‍ അവരുടെ മുഖത്ത് ആഞ്ഞടിച്ചു...അവര്‍ വേച്ചുപോയി..
ഒടുവില്‍ കൂടെ വന്നയാളുടെ കൂടെ സ്ത്രീ ഇരുട്ടിലേക്ക് നടന്നു മറഞ്ഞു..അപ്പോഴാണ് അവിടെ നടന്നത് എന്താണെന്ന് എനിക്ക് ഏകദേശം ധാരണ ഉണ്ടായത്..അവര്‍ ഇരുട്ടില്‍ മറഞ്ഞപ്പോള്‍ ഭര്‍ത്താവെന്നു തോന്നിച്ചയാല്‍ എളിയില്‍ നിന്നും ഒരു കുപ്പി എടുത്തു ...പെട്ടെന്നാണ് അയാള്‍ എന്നെ കണ്ടത്...ഇതെല്ലാം ഞാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു എന്നയാള്‍ക്ക് ബോധ്യമായി..എന്തൊക്കെയോ ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് അയാള്‍ എനിക്ക് നേരെ കൈ വീശി...വീണ്ടും വരുവാന്‍ ആണ്ഗ്യം കാണിച്ചപ്പോള്‍ ഞാന്‍ വേഗം പേടിച്ചു അകത്തുകയറി വാതിലടച്ചു...തുറന്നിട്ട ജാലകത്തിലൂടെ കര്ട്ടന് അല്പം മാറ്റി ഞാന്‍ രംഗം വീണ്ടും വീക്ഷിച്ചു... അയാള്‍ അവിടെ ഇരുന്നു മദ്യപിക്കുകയാണ്...ഇടക്കെപ്പോഴോ ഉറങ്ങിക്കിടന്ന കുഞ്ഞെഴുന്നേറ്റു കരഞ്ഞു..അപ്പോള്‍ അയാള്‍ അതിനെ തല്ലി...കുഞ്ഞ് ഒന്നുകൂടെ ഉച്ചത്തില്‍ കരഞ്ഞു...കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടി ഓടിവന്നു അതിനെ വാരി എടുത്തുകൊണ്ടു ഇരുളില്‍ മറഞ്ഞു..അയാള്‍ ദേഷ്യത്തോടെ മദ്യക്കുപ്പി റോഡിലേക്ക് വലിച്ചെറിഞ്ഞു...ഇതിനിടയില്‍ സ്ത്രീയും പുരുഷനും തിരിച്ചെത്തി...
അപ്പോള്‍ ദൂരെനിന്നും പെണ്‍കുട്ടിയും,കുഞ്ഞും അവരുടെ സമീപത്തേക്ക് വന്നു..അമ്മ കുഞ്ഞിനെ വാങ്ങി മാറോടു ചേര്‍ത്തു...പോകുന്നതിനു മുന്‍പ് കൂടെ വന്ന പുരുഷന് സ്ത്രീയുടെ മടിയിലേക്ക് എന്തോ വലിച്ചെറിഞ്ഞു കൊടുത്തു..ഭര്‍ത്താവ് അതുകണ്ട് ഓടി വന്നു..സ്ത്രീയുടെ കൈയില്‍ നിന്നും ബലപ്രയോഗത്തിലൂടെ അയാള്‍ ആ നോട്ടുകള്‍ വാങ്ങി നടന്നകന്നു...ഇരു കൈകളും തലയില്‍ താങ്ങി ആ സ്ത്രീ കുറച്ചു നേരം ഇരുന്നു..പിന്നീട് അയാള്‍ പോയ വഴിയിലേക്ക് നോക്കി ഉറക്കെ ഉറക്കെ എന്തൊക്കെയോ പറഞ്ഞു...ഒടുവില്‍ എഴുന്നേറ്റു കുട്ടികളെയും കൊണ്ട് ഇരുട്ടിലേക്ക് അവരും മറഞ്ഞു....കുറെ നേരം ആ ജാലകതിന്നരികില്‍ ഞാന്‍ നിശ്ചലയായി ഇരുന്നു...
ഇങ്ങനേയും കുറെ ജീവിതങ്ങള്‍ നമുക്കിടയില്‍ ജീവിക്കുന്നുന്ടെന്ന സത്യം പൊള്ളിക്കുന്ന ഒരോര്‍മ്മയായി...ഇന്നും...